സൂപ്പർഫാസ്റ്റ്, എക്സ്പ്രസ് ബസുകളിൽ നിന്നുകൊണ്ടുള്ള യാത്ര ഹൈക്കോടതി വിലക്കി
കൊച്ചി : കെ.എസ്.ആർ.ടി.സി, സ്വകാര്യ മേഖലകളിലുള്ള അതിവേഗ ബസുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി. സീറ്റുകൾക്കനുസരിച്ച് മാത്രമേ ഇനി ഈ ബസുകളിൽ യാത്രക്കാരെ പ്രവേശിപ്പിക്കാവൂ എന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ്, സൂപ്പർ ഡീലക്സ് ബസുകൾക്കെല്ലാം ഉത്തരവ് ബാധകമാണ്.
ഉയർന്ന നിരക്കുവാങ്ങുന്ന ബസുകളിൽ ഇരുന്ന് യാത്ര ചെയ്യാൻ യാത്രക്കാർക്ക് അവകാശമുണ്ട്. മോട്ടോർ വാഹന ചട്ടം കർശനമായി കെ.എസ്.ആർ.ടി.സി പാലിക്കണമെന്നും കോടതി നിർദേശിച്ചു. ഹ്രസ്വദൂര യാത്രക്കാരാണ് ബസുകളിൽ നിന്ന് യാത്രചെയ്യുന്നത് എന്നായിരുന്നു കെ.എസ്.ആർ.ടിസിയുടെ വാദം. എന്നാൽ ഇത് അംഗീകരിക്കാനാവില്ല എന്ന് കോടതി വ്യക്തമാക്കി. ഇപ്പോൾ ഹൈക്കോടതി ഉത്തരവ് അനുസരിക്കുക, അതിനുശേഷം വേണമെങ്കിൽ സംസ്ഥാന സർക്കാരിന് മോട്ടോർ വാഹന ചട്ടം ഭേദഗതി ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
ബസ് ചാർജ് വർദ്ധന മരവിപ്പിക്കുക, മോട്ടോർ വാഹന ചട്ടം കൃത്യമായി പാലിക്കാൻ നിർദേശിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ലക്ഷ്വറി സർവീസുകളിൽ ആളുകളെ നിർത്തി യാത്ര ചെയ്യിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ നടപടി മോട്ടോർ വാഹന ചട്ടം 67 (2) പ്രകാരം തെറ്റാണെന്നും ഇത് തടയണമെന്നുമായിരുന്നു ഹർജിക്കാരന്‍റെ വാദം. അതേസമയം ബസ് ചാർജ് വർദ്‍ധനവ് മരവിപ്പിക്കുക എന്ന ഹർജിക്കാരുടെ ആവശ്യത്തിൽ കോടതി ഇടപെട്ടില്ല.
നിലവിൽ സൂപ്പർ എക്സ്പ്രസ് മുതൽ മുകളിലോട്ടുള്ള ലക്ഷ്വറി ബസുകളിൽ കെ.എസ്.ആർ.ടി.സി യാത്രക്കാരെ നിർത്തി കൊണ്ടുപോകാറില്ല. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി, സിറ്റി സർവീസുകൾ എന്നിവയിലാണ് നിലവിൽ യാത്രക്കാർ നിന്ന് യാത്ര ചെയ്യുന്നത്. കെ.എസ്.ആർ.ടി.സിക്ക് വൻ സാന്പത്തിക നഷ്ടമുണ്ടാക്കുന്നതാണു തീരുമാനം. ഉത്തരവിനെ മറികടക്കാൻ മോട്ടോർ വാഹന ചട്ടങ്ങൾ സംസ്ഥാന സർക്കാർ ഭേദഗതി ചെയ്യേണ്ടി വരുമെന്നാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഉത്തരവിനെതിരെ അപ്പീൽ പോകുന്ന കാര്യം ആലോചിക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡിഎ. ഹേമചന്ദ്രൻ പറഞ്ഞു.

