ജല മെട്രോ : പുരോഗതി വിലയിരുത്തി ജർമ്മൻ സംഘം
കൊച്ചി : മെട്രോയ്ക്ക് അനുബന്ധമായി നടപ്പാക്കുന്ന ജലമെട്രോയുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനുള്ള ചർച്ചകൾക്ക് തുടക്കമായി. പദ്ധതിക്ക് വായ്പ നൽകുന്ന ജർമ്മൻ ബാങ്കായ കെ.എഫ്.ഡബ്ല്യുവിന്റെ പ്രതിനിധികൾ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി കൊച്ചിയിലെത്തിയിട്ടുണ്ട്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മാനേജിലംഗ് ഡയറക്ടർ മുഹമ്മദ് ഹനീഷുമായി ജർമ്മൻസംഘം ചർച്ച നടത്തി. ജലമെട്രോനിർമ്മാണ പുരോഗതിയെക്കുറിച്ച് കൊച്ചി മെട്രോ അധികൃതർ വിശദീകരിച്ചു. കെ.എഫ് ഡബ്ല്യുവിന്റെ പ്രോജക്ട് മാനേജർ ആഞ്ജലിക്ക സ്വിക്കി, ഷിപ്പ് ബിൽഡിലംഗ് വിദഗ്ധൻ മാർട്ടിൻ നൈബോ എന്നിവരാണ് സംഘത്തിലുള്ളത്. ജലമെട്രോയുടെ ഭാഗമായി ബോട്ടുജെട്ടികൾ നിർമ്മിക്കുന്ന സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. എറണാകുളം ജെട്ടി, തേവര, നെട്ടൂർ, വൈറ്റില എന്നിവിടങ്ങളിലെല്ലാം സംഘം സ്ഥലപരിശോധനയ്‌ക്കെത്തി. ചർച്ചകൾ വ്യാഴാഴ്ചയും തുടരും. കൊച്ചി മെട്രോയ്ക്ക് അനുബന്ധമായാണ് ജലമെട്രോ നടപ്പാക്കുന്നത്. ചുറ്റുമുള്ള പഞ്ചായത്തുകളെ നഗരവുമായി ബന്ധിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

