ഇടഞ്ഞോടിയ കൊന്പൻ കിണറ്റിൽ വീണ് ചരിഞ്ഞു
ശ്രീകൃഷ്ണപുരം : ഇടഞ്ഞോടിയ കൊന്പൻ വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് ചരിഞ്ഞു. തിരുനാരായണപുരം ഉത്രത്തിൽക്കാവ് ഭരണിവേലയുടെ ഭാഗമായ തിരുവാഴിയോട് ദേശവേലയുടെ തിടന്പേന്തിയ ഗുരുവായൂർ ദേവസ്വത്തിന്റെ ആന ശേഷാദ്രിയാണ് ചരിഞ്ഞത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രാത്രി എട്ടിന് എഴുന്നള്ളത്ത് കഴിഞ്ഞശേഷം തിരുനാരായണപുരം ശിവക്ഷേത്രത്തിനടുത്ത് നിർത്തിയിട്ട ലോറിയിൽ കയറ്റാന്‍ കൊണ്ടുപോവുന്നതിനിടെ ആന ഇടഞ്ഞോടുകയായിരുന്നെന്നു. പാപ്പാന്മാരുടെ നിയന്ത്രണത്തിൽനിന്ന് കൈവിട്ട ആന തൊട്ടടുത്ത റബ്ബർത്തോട്ടത്തിലേക്ക് കയറി വീട്ടുപറന്പുകളിലൂടെയും മറ്റും മുന്നോട്ടുനീങ്ങി. ഇരുട്ടിൽ ആനയെ പിന്തുടരാൻ പാപ്പാന്മാരുൾപ്പെടെയുള്ളവർ വലഞ്ഞു. വിശ്വനാഥന്റെ വീട്ടുപറന്പിൽ കയറുംമുന്പേ ആന മുന്നിലെത്തിയ വാരിത്തൊടി മോഹൻ മേനോനെ തുന്പിക്കൈയിലെടുത്ത് ചുഴറ്റിയെറിഞ്ഞു. പരിക്കേറ്റ ഇദ്ദേഹത്തെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വിശ്വനാഥന്റെ വീട്ടുമുറ്റത്തെ സ്‌കൂട്ടർ തട്ടിമറിച്ചിട്ട ആന മുറ്റത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കൊന്പുകൾ കിണറിന്റെ വശങ്ങളിലേക്ക് കുത്തിക്കയറി. ശ്രീകൃഷ്ണപുരം പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പും സ്ഥലത്തെത്തി ഒന്‍പതുമണിയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പത്തരയോടെ ദേഹത്ത് കയർ കെട്ടി ജെ.സി.ബി.യുപയോഗിച്ച് വലിച്ച് പുറത്തെടുക്കുന്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

