നടിയെ ആക്രമിച്ച കേസ്: വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അഡ്വ. ടി.ബി. മിനി
ശാരിക
കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിച്ച വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചു.
2026 ജനുവരി 12-ന് ജഡ്ജി നടത്തിയ പരാമർശം മൂലം തന്റെ അഭിഭാഷക വൃത്തിക്ക് കളങ്കമുണ്ടായെന്നും ഇതിനുപിന്നാലെ തനിക്കെതിരെ വ്യാപകമായ സൈബർ പ്രചാരണങ്ങൾ നടന്നുവെന്നും ഹർജിയിൽ ടി.ബി. മിനി വ്യക്തമാക്കുന്നു.
കേസ് വിചാരണവേളയിൽ പരിഗണിക്കുമ്പോൾ ടി.ബി. മിനി കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും ആകെ പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം തികച്ചും അപകീർത്തികരമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാണ് ടി.ബി. മിനിയുടെ പ്രധാന ആവശ്യം.
നേരത്തെ വിചാരണ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അനുമതി തേടി അഡ്വക്കറ്റ് ജനറലിന് (AG) ടി.ബി. മിനി അപേക്ഷ നൽകിയിരുന്നെങ്കിലും ഈ ആവശ്യം എ.ജി. തള്ളിയിരുന്നു. ഇതിനുശേഷമാണ് വിഷയത്തിൽ സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ നേരിട്ട് സമീപിച്ചത്. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.
sdfsf

