മധുവിന്റെ കൊലപാതകം : കുറ്റപത്രം രണ്ടാഴ്ചക്കകം
പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെക്രൂരമായി തല്ലിക്കൊന്ന കേസിൽ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളിൽ കോടതിയിൽ സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതിൽ എട്ടു പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് സൂചന.
മധുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ അഞ്ചു മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനഫലം ഒരാഴ്ചക്കുള്ളിൽ ലഭിക്കും. അതിന് ശേഷമാകും കുറ്റപത്രം സമർപ്പിക്കുക. മധുവിനെ മുക്കാലി− പൊട്ടിക്കൽ വനഭാഗത്തുള്ള ഗുഹയിൽ നിന്ന് പിടികൂടി അവിടെവെച്ചും, പിന്നീട് മുക്കാലി കവലയിൽ വെച്ചും മർദ്ദിച്ചവർക്കെതിരെമാത്രമാണ് കൊലപാതകക്കുറ്റം ചുമത്തുക.
കേസിൽ അറസ്റ്റിലായ മുക്കാലി മേച്ചേരിയിൽ ഹുസൈൻ, കിളയിൽ മരയ്ക്കാർ, പൊതുവച്ചോലയിൽ ഷംസുദ്ദീൻ, താഴുശേരിൽ രാധാകൃഷ്ണൻ, വിരുത്തിയിൽ നജീബ്, മണ്ണന്പറ്റിയിൽ ജെയ്ജുമോൻ, കരിക്കളിൽ സിദ്ധിഖ്, പൊതുവച്ചോലയിൽ അബുബക്കർ എന്നിവരാണ് മധുവിനെ മർദ്ദിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.
ഇതിൽ മേച്ചേരിൽ ഹുസൈൻ മധുവിന്റെ നെഞ്ചിൽ ചവിട്ടിയതാണ് മരണകാരണമായെതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തുക എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ അറസ്റ്റിലായ മറ്റ് എട്ട് പ്രതികളും മധുവിനെ മർദ്ദിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും, പിടികൂടാൻ പോയ സംഘത്തിനൊപ്പം പോവുകയുമാണ് ഇവർ ചെയ്തിട്ടുള്ളത്.
എന്നാൽ ഇവർക്കെതിരെ പട്ടികവർഗപീഡന നിരോധനനിയമം, അനധികൃമായി വനമേഖലയിൽ പ്രവേശിക്കൽ എന്നീ നിയമങ്ങൾ ബാധകമാണെന്നും പോലീസ് പറഞ്ഞു.
മധുവിനെ മർദ്ദിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തിയ അഞ്ച് മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്. പരിശോധനാഫലം ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കും. ഇതിനുശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 70 സാക്ഷികളുടെ മൊഴിയെടുത്തു.

