രാജ്യത്തിന്റെ അഭിവൃദ്ധിക്ക് യുവജന ക്ഷേമം അത്യന്താപേക്ഷിതമാണെന്ന് ബഹ്റൈൻ കിരീടാവകാശി
മനാമ: രാജ്യത്തിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും യുവജനക്ഷേമ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമെന്ന് ബഹ്റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. രാജ്യത്തെ യുവജന വികസന പരിപാടികൾക്കായുള്ള ബഹ്റൈന്റെ പ്രതിജ്ഞാബദ്ധതയെ ഊന്നിപ്പറഞ്ഞ അദ്ദേഹം ബഹ്റൈന്റെ ദീർഘകാല അഭിവൃദ്ധിക്കായുള്ള എഞ്ചിൻ എന്നാണ് യുവജനക്ഷേമ പ്രവർത്തനങ്ങളെ വിശേഷിപ്പിച്ചത്. എഫ്.ഡി.പി.എം കൂട്ടായ്മയുടെ മൂന്നാം ബാച്ചിനെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക, ആഗോള മാറ്റങ്ങൾ നന്നായി മനസിലാക്കുന്നതിനായി എഫ്.ഡി.പി.എം കൂട്ടായ്മയെ എല്ലാ യുവസർക്കാർ ജീവനക്കാർക്കും ഒരു പ്രധാന അവസരമായി കണക്കാക്കാം. വിപുലമായ പരിശീലന മാർഗത്തിലൂടെയും ഗൈഡൻസ് കോഴ്സുകളിലൂടെയും, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും തീരുമാനമെടുക്കുന്നവർക്കും ഒപ്പമുള്ള പ്രവർത്തനത്തിലൂടെയുള്ള ഈ പരിപാടി, സർക്കാർ പ്രകടനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രധാന വൈദഗ്ധ്യവും കഴിവുകളും അഭിവൃദ്ധിപ്പെടുത്താൻ ശ്രദ്ധിക്കുന്നു. നേതൃപാടവം വളർത്തിയെടുക്കാൻ ഇത്തരം പരിപാടികൾ വഹിക്കുന്ന പ്രധാനപങ്കിനെ എടുത്തുപറയവെ, രാജ്യത്തിന്റെ സുസ്ഥിര വികസനം മുന്നോട്ടു കൊണ്ടുപോകാൻ ഇത് ഉപകരിക്കുമെന്ന് പ്രിൻസ് സൽമാൻ പറഞ്ഞു.
വിവിധ പരിപാടികൾ, പ്രോജക്ടുകൾ, സംരംഭങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളും അനുഭവങ്ങളും പലരും പങ്കുവെച്ചു. യുവസർക്കാർ ജീവനക്കാരുടെ ഇടയിൽ മാനേജ്മെന്റ്, നേതൃത്വം തുടങ്ങിയ കഴിവുകളെ മെച്ചപ്പെടുത്തുന്നതിനായുള്ള മത്സരങ്ങൾ, ഉൽപാദനക്ഷമത എന്നിവ ശക്തിപ്പെടുത്തുന്നത്, സർക്കാർ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പ്രിൻസ് സൽമാൻ പറഞ്ഞു.

