നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്ന് സർക്കാർ
കൊച്ചി : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. പ്രോസിക്യൂഷനും ദിലീപിന്റെ അഭിഭാഷകനും വാദത്തിനായി കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹർജി മാറ്റിയത്. ദൃശ്യങ്ങൾ നൽകുന്നത് ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യതയെ ബാധിക്കും. ഈ സാഹചര്യത്തിൽ ദിലീപിന്റെ ആവശ്യം അംഗീകരിക്കരുത് എന്നാണ് അന്വേഷണസംഘത്തിന്റെയും സർക്കാരിന്റെയും നിലപാട്.
ഹൈകോടതിയിലെ ഹർജിയിൽ തീരുമാനമാകുന്നതുവരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്റെ ആവശ്യം സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ഒഴികെയുള്ള മുഴുവൻ രേഖകളും ഫോറൻസിക് പരിശോധനാ ഫലങ്ങളും വൈദ്യപരിശോധന ഫലങ്ങളും ദിലീപ് അടക്കമുള്ള പ്രതികൾക്ക് നൽകാമെന്ന് കഴിഞ്ഞ ദിവസം എറണാകുളം സെഷൻസ് കേടതി അറിയിച്ചിരുന്നു. ദൃശ്യങ്ങൾ നൽകുന്നതിൽ ഹൈക്കോടതി തീരുമാനിക്കട്ടെ എന്നുമായിരുന്നു സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നത്.
ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയെ പ്രോസിക്യുഷൻ ശക്തമായി എതിർത്തിരുന്നു. ദൃശ്യങ്ങൾ പ്രതിക്ക് ലഭിക്കുന്നത് നടിയുടെ സുരക്ഷയെയും സ്വകാര്യതയേയും ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

