മധുവിന്റെ കൊലപാതകം : 16 പ്രതികളെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി
പാലക്കാട് : അട്ടപ്പാടി മുക്കാലിയിൽ ആദിവാസി യുവാവ് മധു മർദനമേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ 16 പ്രതികളെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. മണ്ണാർക്കാട് എസ്സി/എസ്ടി പ്രത്യേക കോടതിയാണു പ്രതികളെ മാർച്ച് 9 വരെ റിമാൻഡ് ചെയ്തത്. ഇന്ന് രാവിലെയാണ് അഗളിയിലെ പോലീസ് േസ്റ്റഷനിൽ നിന്ന് പ്രതികളെ മണ്ണാർകാട് സ്പെഷ്യൽ കോടതിയിൽ ഹാജരാക്കിയത്. വലിയ സുരക്ഷയോടെയാണ് പ്രതികളെ കോടതിയിലെത്തിച്ചത്.
കേസിൽ ആകെ 16 പ്രതികളാണുള്ളത്. ഇവരിൽ 11 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു പേരെ കഴിഞ്ഞ ദിവസം പിടികൂടി. ്രപതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകും.
കൊലപാതകം, പട്ടികവർഗ പീഡന നിരോധന വകുപ്പ്, സാമൂഹികമാധ്യമങ്ങളിൽ മർദനത്തിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് വിവിധ ഐ.ടി. വകുപ്പുകൾ എന്നിവയാണ് പ്രതികൾ;ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. എല്ലാ പ്രതികൾക്കും കൊലപാതകത്തിൽ തുല്യ പങ്കാളിത്തമുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ അഗളി പോലീസ് േസ്റ്റഷനിൽ എത്തിച്ച പ്രതികളെ വൈദ്യ പരിശോധന പൂർത്തിയായതോടെയാണ് മണ്ണാർക്കാട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. എന്നാൽ സുരക്ഷ പ്രശ്നങ്ങളാൽ രണ്ട് ദിവസങ്ങൾക്ക് ശേഷമേ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകാൻ സാധ്യത ഉള്ളുവെന്നാണ് പോലീസ് നൽകുന്ന സൂചന. അതേസമയം മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നാളെ ചീഫ് സെക്രട്ടറിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് കളക്ട്രേറ്റിൽ യോഗം ചേരും, ദേശിയ പട്ടികവർഗ കമ്മീഷൻ യോഗത്തിൽ പങ്കെടുക്കും.
മധുവിനെ കാട്ടിക്കൊടുത്ത വനംവകുപ്പ് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്കു സാധ്യതയുണ്ട്. സംഭവത്തിൽ വനപാലകർക്കു പങ്കുണ്ടെങ്കിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്നു മന്ത്രി കെ. രാജു പറഞ്ഞു. ഇതിനിടയിൽ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ തന്നെ നിയമിക്കുമെന്ന് മധുവിന്റെ വീട് സന്ദർശിച്ച മന്ത്രി എ.കെ ബാലൻ പറഞ്ഞു.

