കണ്ണൂർ വിമാനത്താവളം ഫയർ റസ്ക്യു ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഫയർ ആന്‍ഡ് റസ്‌ക്യൂ ഓഫീസും ഫയർ ആന്‍ഡ് റസ്‌ക്യൂ പരിശീലനവും കിയാൽ എംഡി പി. ബാലകിരൺ ഉദ്‌ഘാടനം ചെയ്‌തു. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ഫയർ ആന്‍ഡ് സേഫ്റ്റി വിംഗിന്‍റെ 51 അംഗങ്ങൾക്ക്് പരിശീലനം ആരംഭിച്ചു. ഓസ്ട്രിയയിൽനിന്നുള്ള ബെർണാഡ് സാന്റ്‌ലേയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശീലനത്തിന് നേതൃത്വംനൽകുന്നത്.
കോഴിക്കോട്, മംഗളൂരു, കൊച്ചി, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ പരിശീലനത്തിനുശേഷമാണ് കണ്ണൂർ വിമാനത്താവള പദ്ധതിപ്രദേശത്തെ പരിശീലനം തുടങ്ങിയത്. ഓസ്‌ട്രിയയിൽനിന്ന് ഇറക്കുമതി ചെയ്‌ത നാൽ ഫയർ എന്‍ജിനുകളും അത്യാധുനിക ഉപകരണങ്ങളുമായാണ് പരിശീലനം. ബംഗളൂരുവിലെ ആൻ ലോൺ ടെക്നോളജി സൊൽയൂഷൻസ് മുഖേനയാണ് കിയാൽ ഫയർ എൻജിനുകൾ വാങ്ങിയത്. നിലവിൽ നാൽ അഗ്നിശമന യന്ത്രങ്ങളാണ് വിമാനത്താവളത്തിലുള്ളത്.
ലോകത്തിലെ ഏറ്റവും അത്യാധുനിക സംവിധാനങ്ങളുള്ള ഫയർസ്റ്റേഷനാണ് വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുള്ളതെന്ന് കിയാൽ എംഡി പി. ബാലകിരൺ പറഞ്ഞു. ആദ്യഘട്ടത്തിൽ ഏഴുദിവസത്തെ പരിശീലനമാണ് നൽകുന്നത്. 51 പേരെയാണ് നിലവിൽ ഈ ഫയർസ്റ്റേഷന്‍വിഭാഗത്തിൽ നിയമിച്ചിട്ടുള്ളത്. ചീഫ് എയർ ഓഫീസറായ ഇ.ഷൗക്കത്തലിയാണ് നേതൃത്വംനൽകുന്നത്.
100 മീറ്റർ ചുറ്റളവിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഇൻഫ്‌ലൈറ്റബിൾ ലൈറ്റ്, അപകടത്തിൽപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാരെ രക്ഷിക്കുന്നതിനുള്ള കട്ടിംഗ്് യന്ത്രങ്ങൾ, വിവിധ ദിശകളിൽ നിന്ന് തീയണയ്ക്കുന്നതിനുള്ള സംവിധാനം തുടങ്ങി നിരവധി ആധുനിക ഉപകരണങ്ങൾ ഉദ്ഘാടനത്തോടനുബന്ധിച്ച് എം.ഡി. പി.ബാലകിരൺ പരിശോധിച്ചു. കിയാൽ ചീഫ് പ്രോജക്ട് എഞ്ചിനീയർ കെ.ഷിബുകുമാർ, അഡ്മിനിസ്‌ട്രേഷൻ മാനേജർ ടി.അജയകുമാർ, അഗ്നിരക്ഷാസേനാവിഭാഗം തലവൻ കെ.ഷൗക്കത്തലി, പ്രോജക്ട് എഞ്ചിനീയർ ജയരാജൻ, കെ.ബിജു, എയ്‌കോം മാനേജർ കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.

