മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുടെ പണം പാർട്ടി നൽകില്ല
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് ചെലവായ പണം പാർട്ടി നൽകില്ലെന്ന് സി.പി.എം സെക്രട്ടേറിയേറ്റ്. പാർട്ടി പിരിച്ച അഞ്ച് കോടി രൂപ ഓഖി ഫണ്ടിലുണ്ട്. ഹെലികോപ്റ്റർ യാത്രയ്ക്ക് പൊതുഭരണ ഫണ്ടിൽ നിന്നും ഫണ്ട് അനുവദിക്കുമെന്നും സി.പി.എം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. മുഖ്യമന്ത്രി നടത്തിയത് ഒൗദ്യോഗിക യാത്രയാണ്. യാത്രയ്ക്ക് ചെലവായ പണം പൊതു ഭരണവകുപ്പിന്‍റെ ഫണ്ടിൽ നിന്നെടുക്കാൻ തീരുമാനിച്ചതായി മന്ത്രി എ.കെ ബാലൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ പലരും ഇത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ട്. ഓഖി ഫണ്ടിൽ നിന്ന് ഒരു പൈസ പോലും പിണറായിയുടെ യാത്രയ്ക്കുവേണ്ടി ചെലവാക്കിയിട്ടില്ല. അതെല്ലാം തെറ്റിദ്ധാരണയാണ്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ (എസ്.ഡി.ആർ.എഫ്) നിന്നാണ് പണമെടുത്തത്. ഇന്ത്യാ രാജ്യത്തെ പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും മറ്റെല്ലാ മന്ത്രിമാരും ഇതിൽ നിന്നും പണമെടുക്കാറുണ്ട്. നിയമവിരുദ്ധമായി ഉദ്യോഗസ്ഥരും പ്രവർത്തിച്ചിട്ടില്ലെന്ന് എ.കെ ബാലൻ പറഞ്ഞു.
സർക്കാരിനും മുന്നണിക്കും വലിയ തോതിൽ കോട്ടമുണ്ടാക്കിയ ഹെലികോപ്റ്റർ യാത്രാവിവാദം അവസാനിപ്പിക്കാൻ സി.പി.എം ഇടപെടാനായിരുന്നു കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ചെലവായ എട്ട് ലക്ഷം രൂപ നൽകാനുള്ള ശേഷി സി.പി.എമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.

