കൊല്ലം ബൈപാസ് ആഗസ്റ്റിൽ പൂർത്തിയാകും
കൊല്ലം : കൊല്ലം ബൈപാസിന്‍റെ പണി ആഗസ്റ്റിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.കെ പ്രേമചന്ദ്രൻ എം.പി. ബൈപാസിന്‍റെ നിർമ്മാണ പ്രവർത്തികൾ സ്ഥലം സന്ദർശിച്ച് നേരിട്ട് വിലയിരുത്തി ഉദ്യോഗസ്ഥരും കരാറുകാരുമായും ചർച്ച നടത്തിയതിനന് ശേഷമാണ് എം.പിയുടെ പ്രതികരണം. ബൈപാസ് നിർമ്മാണത്തിന് തടസമാകുന്ന ഏക ഘടകം ജില്ലയിലെ മെറ്റലിന്‍റെ ദൗർലഭ്യമാണ്. മെറ്റൽ ക്ഷാമം ജില്ലയിലെ വികസന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ജില്ലയിൽ മെറ്റൽ ക്ഷാമം ബൈപാസ് നിർമ്മാണത്തെ ബാധിക്കാതിരിക്കാൻ ഇതര ജില്ലകളിൽ നിന്നും മെറ്റൽ എത്തിക്കുന്നതിനുളള സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്.
മെയിൽ പ്രധാന പണികൾ പൂർത്തീകരിച്ച് ജൂൺ-ജൂലൈയിൽ അന്തിമപണികൾ തീർത്ത് ആഗസ്റ്റിൽ ഗതാഗതത്തിനായി സജ്ജമാക്കുന്നതിനുളള പ്രവൃത്തികൾ ധ്രുതഗതിയിൽ പുരോഗമിച്ചു വരികയാണ്. കാവനാട് ആൽത്തറമൂട്ടിലെ റോഡിന്‍റെ രൂപകൽപ്പന ഗതാഗത കുരുക്ക് ഉണ്ടാകാത്ത നിലയിൽ സൂക്ഷമമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. 620 മീറ്റർ നീളമുളള കാവനാട് പാലത്തിന്‍റെ 520 മീറ്റർ നിർമ്മാണം പൂർത്തീകരിച്ചു. നൂറ് മീറ്റർ നീളത്തിൽ നാല് ബീമുകളും മൂന്ന് സ്ലാബുകളും നിർമ്മിക്കുന്ന പണിയാണ് പൂർത്തീകരിക്കാനുളളത്. 95 മീറ്റർ നീളമുളള നീരാവിൽ പാലം പൂർത്തിയായി. അപ്രോച്ച് റോഡിന്‍റെ നിർമ്മാണം പുരോഗമിക്കുകയാണ്. 520 മീറ്റർ നീളമുളള കടവൂർ ഭാഗത്തെ മങ്ങാട് പാലത്തിന്‍റെ 320 മീറ്റർ പണികൾ പൂർത്തീകരിച്ചു. അവശേഷിക്കുന്ന 200 മീറ്റർ ഭാഗത്തെ നിർമ്മാണം പുരോഗമിക്കുകയാണ്.
പാലങ്ങളുടെ നിർമ്മാണ പ്രവർത്തികൾ മാർച്ച് 31ന് മുന്പ് പൂർത്തീകരിക്കാൻ കഴിയും. കല്ലുത്താഴം മുതൽ മേവറം വരെയുളള റോഡ് വീതിക്കൂട്ടി ടാർ ചെയ്യുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. നാലര കിലോമീറ്റർ ദൈർഘ്യമുളള പണി ജനുവരിയിൽ പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കടവൂർ ഭാഗത്ത് രണ്ട് കിലോമീറ്റർ ദൂരം റീടൈനിംഗ് വാൾ കെട്ടി മണ്ണിടുന്ന പ്രവൃത്തി ഏപ്രിൽ പകുതിയോടെ പൂർത്തീകരിക്കാൻ കഴിയും. ശേഷിക്കുന്ന ഭാഗം റോഡിലെ മണ്ണിടുന്നതും മെറ്റലിംഗും ടാറിംഗും പണിയും പുരോഗമിച്ച് വരുന്നു. വർഷകാലം ആരംഭിക്കുന്നതിന് മുന്പ് പ്രധാന പണികൾ എല്ലാം പൂർത്തീകരിക്കുന്ന തരത്തിലാണ് പ്രവൃത്തി രൂപകൽപ്പന ചെയ്തത്്.

