അഭ്യസ്ത വിദ്യരായ സ്ത്രീകൾപോലും തൊഴിലിന് ശ്രമിക്കുന്നില്ല : മന്ത്രി കെ.കെ ശൈലജ
കോഴിക്കോട് : സംസ്ഥാനത്ത് അഭ്യസ്തവിദ്യരായ സ്ത്രീകളിൽ 60 ശതമാനം പേരും തൊഴിലിന് ശ്രമിക്കുന്നില്ലെന്നും ഇത് ഖേദകരമാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷനും സംസ്ഥാന വനിതാ കമ്മിഷനും ചേർന്ന് സംഘടിപ്പിച്ച സ്ത്രീ സ്വകാര്യത, തൊഴിൽ, സ്ഥാനം എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആരോഗ്യമന്ത്രി.
സ്ത്രീകളുടെ സമത്വമെന്നാൽ സ്ത്രീകളുടെ മാത്രം ആവശ്യമല്ല സമൂഹത്തിന്റെ കൂടെ ആവശ്യമാണെന്നും സമത്വം ആവശ്യപ്പെടുന്ന സ്ത്രീകൾ വനിതാകൂട്ടായ്മകൾ രൂപവൽകരിക്കുന്പോൾ പലപ്പോഴും പരിഹസിക്കപ്പെടാറാണുളളത്. എന്നാൽ വനിതകൾ അനുഭവിക്കുന്ന സംഘർഷങ്ങളും പ്രശ്‌നങ്ങളും ആഴത്തിൽ ചർച്ച ചെയ്യാനുംപരിഹരിക്കാനും ഇത്തരംസംഘടനകൾ ആവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സിനിമകളിൽ സ്ഥിരം കണ്ടുവരാറുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരേ സംസാരിക്കാൻ പൃഥ്വിരാജ് തയ്യാറായതിൽ സന്തോഷമുണ്ട്. എന്നാൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നവരെ ഒറ്റപ്പെടുത്തുകയാണ് സമൂഹം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ലിംഗ അസമത്വങ്ങളെ പ്രശ്നവൽകരിക്കാൻ തയ്യാറാകാതെ ലൈംഗിക പ്രശ്‌നങ്ങളെ മാത്രം ഉയർത്തിക്കാണിക്കുകയാണ് അദ്ധ്യാപകർ അടക്കമുള്ളവർ ചെയ്യുന്നതെന്ന്് അഡീഷണൽ ഗവൺമെന്റ് പ്ലീഡർ പി.എം. ആതിര പറഞ്ഞു.
യു.എന്നിൽ പ്രബന്ധം അവതരിപ്പിച്ച ഡോ. ലിസ്ബ യേശുദാസിനെ മന്ത്രി കെ.കെ. ശൈലജ പൊന്നാട അണിയിച്ചു. സാന്പത്തികമായും പിന്നാക്കം നിൽക്കുന്ന 60 കുട്ടികൾക്ക് സാന്പത്തിക സഹായവും പഠനോപകരണങ്ങളും വിതരണം ചെയ്തു.

