സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും അപഹരിക്കപ്പെടുന്ന കാലം : വി.എസ്
എറണാകുളം : രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യമൂല്യങ്ങളും അപഹരിക്കപ്പെടുന്ന ഇക്കാലത്താണ് എസ്. ശിവശങ്കരപ്പിള്ളയെന്ന ഇടത്പക്ഷ പോരാളിയുടെ പ്രസക്തിയെന്ന് ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. മുതിർന്ന സി.പി.ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എസ്. ശിവശങ്കരപ്പിള്ളയുടെ സ്മരണയ്ക്കായി എസ്. ശിവശങ്കരപ്പിള്ള ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പുരസ്കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ ബേസിൽ തന്പിക്കും പുരസ്കാരം നൽകിയിരുന്നു. എസ്. ശിവശങ്കരപ്പിള്ളയുടെ ഒന്നാം ചരമവാർഷിക ദിനാചരണം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി സ്പീക്കർ വി. ശശി അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ കെ.കെ. അഷറഫ് അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ബേസിൽ തന്പിക്ക് വി.എസ്. അച്യുതാനന്ദൻ ഉപഹാരം നൽകി. എൽദോ ഏബ്രഹാം എം.എൽ.എ, ട്രസ്റ്റ് രക്ഷാധികാരിയും സിപിഐ ജില്ലാ സെക്രട്ടറിയുമായ പി. രാജു, സിപിഐ മണ്ഡലം സെക്രട്ടറി കെ.പി. റെജിമോൻ, കമല സദാനന്ദൻ, എൻ.സി. മോഹനൻ, ബാബു ജോസഫ്, ശ്രീമൂലനഗരം മോഹൻ, പി.കെ. രാജീവൻ എന്നിവർ പ്രസംഗിച്ചു.

