വന്യജീവി സങ്കേതത്തിൽ മാലിന്യ നിക്ഷേപം : ലോറി ജീവനക്കാർ അറസ്റ്റിൽ
ബത്തേരി : വയനാട് വന്യജീവി സങ്കേതത്തിൽ മാലിന്യം നിക്ഷേപിച്ചതിന് ലോറി ജീവനക്കാർ അറസ്റ്റിൽ. പൊൻകുഴി ഫോറസ്റ്റ് സെക്ഷൻ പരിധിയിൽ മുത്തങ്ങയിലെ കേരള ജല വകുപ്പിന്റെ പന്പ് ഹൗസിന് സമീപമാണ് മാലിന്യം നിക്ഷേപിച്ചത്. സംഭവത്തെ തുടർന്ന് മദ്ധ്യപ്രദേശ് സ്വദേശികളായ ഷക്കീൽ ഖാൻ, സലീം ഖാൻ എന്നിവരെയാണ് വനപാലകർ പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം പ്രതികളുടെ പേരിൽ കേസ്സെടുത്തു. കേസിൽ മറ്റ് പ്രതികളെ കണ്ടെത്താനുണ്ട്. വാഹനവും പ്രതികളേയും ബത്തേരി കോടതി മുന്പാകെ ഹാജരാക്കി.
പേരാന്പ്രയിലെ ലാവണ്യ ഹോം സിറ്റി എന്ന സ്ഥാപനത്തിലെ പ്ലാസ്റ്റിക് മാലിന്യമാണ് ചാക്കുകളിലായി വനത്തിൽ നിക്ഷേപിച്ചത്. പേരാന്പ്രയിൽ നിന്ന് ലോറിയിൽ കയറ്റിയതാണ് മാലിന്യം. കോഴിക്കോട് − ബംഗളൂരു ദേശീയപാത വഴി തിരിച്ചു പോകുന്ന വഴിക്ക് മധ്യ പ്രദേശ് സ്വദേശികൾ പേരാന്പ്രയിൽ നിന്ന് വാടക വാങ്ങി മാലിന്യം ലോറിയിൽ കയറ്റുകയായിരുന്നുവെന്ന് വനപാലകർ പറഞ്ഞു.


