വിത കഴിഞ്ഞ നെൽപാടം വെള്ളത്തിൽ മുങ്ങി: കർഷകർ ആശങ്കയിൽ
പാവറട്ടി: വിത കഴിഞ്ഞ നെൽപാടം വെള്ളത്തിൽ മുങ്ങിയതോടെ മുല്ലശേരി ഗ്രാമ പഞ്ചായത്തിലെ കൃഷിക്കാർ ആശങ്കയിൽ. പഞ്ചായത്തിലെ പെരുവല്ലൂർ താഴം പടവിലാണ് ഈ ദുരവസ്ഥ. കൂടുതൽ ദിവസം വിത്ത് വെള്ളത്തിൽ മുങ്ങികിടന്നാൽ മുള കെട്ട് പോയി കൃഷി നശിക്കും. കൃഷിക്കായി പൂട്ടിയും നിരത്തിയും നിലമൊരുക്കുന്നതിനും വിത്തിനുമായി കർഷകർക്ക് വൻ ചിലവ് വന്നിട്ടുണ്ട്. കൃഷി നശിച്ചാൽ കർഷകർക്ക് വലിയ ബാധ്യതയാണ് ഉണ്ടാവുക.
ഇരുപത്തിയഞ്ചേക്കർ വിസ്തൃതിയുള്ള പാടം ഉമ വിത്ത് ഉപയോഗിച്ച് മൂന്നു ദിവസം മുൻപാണ് ഇവിടെ വിത നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി മുന്നറിയിപ്പില്ലാതെ മറ്റു പടവുകളിലെ സ്ലൂയിസുകളും ഏനാമാവ് റെഗുലേറ്ററിൻറെ ഷട്ടറുകളും അടച്ചതോടെ പെരുവല്ലൂർ താഴം പടവിൽ വെള്ളം ക്രമാതീതമായി ഉയരുകയായിരുന്നു. എളവള്ളി പാലത്തിന് സമീപത്തെ സ്ലുയിസ് വഴി കനാലിൽ നിന്നും വെള്ളം പടവിലേക്ക് കുത്തിയൊഴുകുകയാണ്. കർഷകർ വെള്ളം കയറാതിരിക്കാൻ മണൽ ചാക്കുകളിട്ട് താൽകാലികമായി സ്ലുയിസ് അടച്ചിട്ടുണ്ട്. എന്നാൽ പെരുവല്ലൂർ താഴം പടവിലെ മോട്ടോർ ഷെഡിലെ വൈദുതി കണക്ഷൻ വിച്ഛേദിച്ചിരിക്കുന്നതിനാൽ വെള്ളം പടവിൽ നിന്നും പുറത്തേക്ക് പന്പ് ചെയ്ത് കളയാനും കഴിയാത്ത അവസ്ഥയാണ്.


