വയനാട്ടിൽ കരടിയിറങ്ങി
കൽപറ്റ : വയനാട് ബത്തേരിയിൽ കരടിയിറങ്ങി. രണ്ടുവയസ്സോളം പ്രായമുള്ള കരടിയെ നാട്ടുകാരും വനം വകുപ്പും ചേർന്ന് കൂട്ടിലാക്കി. മതിലുകളും ഗേറ്റുമുള്ള ഒരു വീട്ടുമുറ്റത്ത് കരടി കുടുങ്ങിപ്പോകുകയായിരുന്നു. കരടിയെ കണ്ടതോടെ പുറത്തേക്ക് പോകുന്ന ഗേറ്റ് നാട്ടുകാർ പൂട്ടി. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി ചികിൽസ നൽകി.
വെള്ളിയാഴ്ച രാവിലെയാണ് ബത്തേരി ചെട്ടിയാലത്തൂരിൽ കരടികളുടെ കൂട്ടം ഇറങ്ങിയത്. ഇതിനടുത്തുള്ള തോട്ടത്തിൽ ജോലി ചെയ്യുന്നവരാണ് ആദ്യം കരടിയെ കണ്ടത്. ഇതോടെ ജോലിക്കാർ മറ്റിടത്തേക്ക് ഓടി. ഇതിനിടയിലാണ് ഒരു കരടി സമീപത്തെ വീടിന്റെ മുറ്റത്തേക്ക് ഓടിക്കയറിയത്.


