തിന്മകൾക്കെതിരേ ശബ്ദമുയർത്തുന്ന എഴുത്തുകാർ ആക്രമിക്കപ്പെടുന്നു : മുഖ്യമന്ത്രി
തിരുവനന്തപുരം : വംശീയ വിദ്വേഷവും മതമൗലികവാദവും എങ്ങും പിടിമുറുക്കുകയാണെന്നും തിന്മകൾക്കെതിരേ ശബ്ദമുയർത്തുന്ന കവികളും എഴുത്തുകാരും കലാകാരന്മാരും ആക്രമിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പതിനൊന്നാമത് കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുതയുള്ളിടത്ത് ജനാധിപത്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നിലനിൽപ്പില്ല. പ്രതിരോധിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള മൗലികവാദികളുടെ ശ്രമത്തെ നേരിടാൻ മൂല്യങ്ങൾക്കൊപ്പം നിൽക്കുന്ന എഴുത്തുകാർക്ക് മാത്രമേ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ഹിന്ദി കവി അശോക് വാജ്‌പേയ് അദ്ധ്യക്ഷനായി. വിമതസ്വരങ്ങളെ അടിച്ചമർത്താനും നിശ്ശബ്ദമാക്കാനും സംഘടിതശ്രമം നടക്കുന്ന ഇക്കാലത്ത് കാവ്യോത്സവത്തിന് പ്രസക്തി ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു. തുർക്കി കവി അദോൽ ബെറാമുലു, എസ്റ്റോണിയൻ കവി ഡോറിസ് കരേവ, നെതർലൻഡ്‌സിലെ പോയട്രി ഇന്റർനാഷണൽ റോട്ടർഡാം ഡയറക്ടർ ബാസ് വാക്മാൻ, പ്രഭാവർമ, കാവ്യോത്സവം ഡയറക്ടർ രതി സക്‌സേന എന്നിവർ പങ്കെടുത്തു. ഈ മാസം പന്ത്രണ്ടുവരെ നടക്കുന്ന കാവ്യോത്സവത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കവികൾ പങ്കെടുക്കും.


