ദേശീയചിഹ്നങ്ങളെ അപമാനിച്ചതിന് ലോറി ഡ്രൈവർ അറസ്റ്റിൽ
അന്പലപ്പുഴ : ലോറിയിൽ ദേശീയപതാകയുടെ ചിത്രത്തിൽ താമരയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി.ദേശിയാദ്ധ്യക്ഷൻ അമിത് ഷായും. സംഭവത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് തൃശിനാപ്പള്ളി പൊൻവെളിപ്പെട്ടി മലയടിവാരം അന്തോനിയിൽ കോവിൽ സ്ട്രീറ്റിൽ ബാലഗംഗാധരനെ അന്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയചിഹ്നങ്ങളെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ഇന്നലെ രാവിലെ തോട്ടപ്പള്ളി തുറമുഖത്തുനിന്ന് മീൻ കയറ്റാനെത്തിയതാണ് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറി. ലോറിയുടെ രണ്ട് നന്പർ പ്ലേറ്റുകളിൽ വ്യത്യസ്ഥ നന്പരുകളും. ലോറിയിലെ ചിത്രങ്ങളും നന്പർ പ്ലേറ്റും കണ്ട് സംശയം തോന്നിയവരാണ് പോലീസിനെ അറിയിച്ചത്. പോലീസെത്തി ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.
ലോറിയുടെ വശത്താണ് ദേശീയപതാക വരച്ചിട്ടുള്ളത്. പതാകയുടെ ഇരുവശത്തുമായാണ് മോഡിയുടെയും അമിത്ഷായുടെയും ചിത്രങ്ങൾ. ഭാരതീയ ജനതാപാർട്ടി ദി പാർട്ടി വിത്ത് എ ഡിഫറൻസ് എന്ന് ഇംഗ്ലീഷിൽ പതാകയിൽ എഴുതിയിട്ടുണ്ട്.
ശ്രീകാന്ത് മറൈൻ എക്‌സ്‌പോർട്‌സ് എന്നാണ് ശീതികരിച്ച കാബിൻ മുകളിലെ ബോർഡിൽ ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത്. കാവേരി അമ്മാൾ, ഓം ശ്രീ സായി ഭഗവാൻ എന്ന് വശങ്ങളിൽ എഴുതിയിട്ടുണ്ട്. എന്നാൽ ലോറിയുടെ പിന്നിൽ കാവുവിള വീട് എന്ന് മലയാളത്തിൽ എഴുതിയിട്ടുമുണ്ട്. ബാലഗംഗാധരൻ തന്നെയാണ് ലോറിയുടെ ഉടമയെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും


