ഉമ്മൻ ചാണ്ടിക്കെതിരെ തെളിവുകൾ ഉണ്ടെന്ന് സോളാർ കമ്മീഷൻ
തിരുവനന്തപുരം : കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളർ കേസിലെ കമ്മിഷൻ റിപ്പോർട്ടും നടപടി റിപ്പോർട്ടും മുഖ്യമന്ത്രി വിജയൻ നിയമസഭയുടെ മേശപ്പുറത്തുവച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ സരിതയുമായി ബന്ധമുള്ളവർക്കെതിരെ പ്രഥമദൃഷ്ട്യാ അഴിമതിക്കേസെടുക്കാനുള്ള തെളിവുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്നത്തെ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും ആര്യാടൻ മുഹമ്മദും ഉമ്മൻ ചാണ്ടിയെ ക്രിമിനൽ കേസിൽ നിന്നു രക്ഷിക്കാൻ ശ്രമം നടത്തിയതിന് തെളിവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകം വിളിച്ചുചേർത്ത നിയമസഭാ സമ്മേളനത്തിലാണ് ജസ്റ്റിസ് ജി. ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്. 15 മിനിറ്റ് നേരത്തേക്കെന്നു തീരുമാനിച്ച പ്രത്യേക സഭാ സമ്മേളനം 40 മിനിറ്റ് നീണ്ടു. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു.
റിപ്പോർട്ട് മേശപ്പുറത്ത് വെച്ച ശേഷം മുഖ്യമന്ത്രി ചട്ടം 300 പ്രകാരം പ്രസ്താവന നടത്തി. പൊതുതാൽപ്പര്യം കൂടി പരിഗണിച്ചാണ് റിപ്പോർട്ട് എത്രയും വേഗം പൊതുരേഖയാക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവർക്കും തുല്യനീതി ലഭ്യമാക്കുക എന്നതാണ് സർക്കാർ നയം. അതാണ് റിപ്പോർട്ടിന്‍മേൽ വിശദമായ നിയമോപദേശം തേടിയശേഷം തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചതെന്ും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായി അന്വേഷണം നടത്താൻ ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ലൈംഗിക പീഡനം ഉൾപ്പടെ നിരവധി കുറ്റങ്ങളാണ് നേതാക്കൾക്കെതിരേ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. സരിതയുടെ കന്പനിയായ ടീം സോളാറിൽ നിന്നും ഉമ്മൻ ചാണ്ടി രണ്ടു കോടിയിലധികം രൂപ കൈക്കൂലി വാങ്ങിയെന്നും കമ്മീഷൻ പറയുന്നു. സരിതയുമായി ഉമ്മൻ ചാണ്ടിക്ക് 2011 മുതൽ പരിചയമുണ്ടെന്നും അവരുടെ ക്രിമിനൽ പശ്ചാത്തലം അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നുമാണ് കമ്മീഷൻ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. ക്ലിഫ് ഹൗസിലെ ഫോണിലേക്ക് സരിത വിളിച്ചതിന്‍റെ തെളിവുകൾ കമ്മീഷൻ റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്. ഫോൺവിളി രേഖകൾ സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടന്നിട്ടില്ലെന്നും യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വീഴ്ച പ്രത്യേകം പരിശോധിക്കണമെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
എറണാകുളം ഗസ്റ്റ്ഹൗസിലും എംഎൽഎ ഹോസ്റ്റലിലും വെച്ച് സരിതാ എസ് നായരെ ഹൈബി ഈഡൻ എം.എൽ.എ പീഡിപ്പിച്ചതായി കമ്മീഷൻ റിപ്പോർട്ടിലുണ്ട്. മുൻ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ എന്നിവർ സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നും കമ്മീഷൻ പറയുന്നു. അനിൽകുമാർ കൊച്ചിയിലെ ഹോട്ടലുകളിൽ വെച്ച് പല തവണ പീഡിപ്പിക്കുകയും ഏഴ് ലക്ഷം രൂപ തന്‍റെ പേഴ്സണൽ സ്റ്റാഫ് വഴി വാങ്ങിയെടുക്കുകയും ചെയ്തു. ആര്യാടൻ മുഹമ്മദും ഒന്നിലധികം തവണ സരിതയെ പീഡിപ്പിച്ചു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി ലഭിച്ചിട്ടുണ്ട്. സരിതയിൽ നിന്നും 25 ലക്ഷം രൂപ ആര്യാടൻ വാങ്ങിയെന്നും റിപ്പോർട്ട് പറയുന്നു. അടൂർ പ്രകാശ് ബംഗളൂരുവിലെ ഹോട്ടലിൽ വെച്ചാണ് സരിതയെ പീഡിപ്പിച്ചത്. ജോസ് കെ. മാണി എംപി ഡൽഹിയിലെ ഹോട്ടലിൽ വച്ച് സരിതയെ ലൈംഗികമായി പീഡിപ്പിച്ചു. കെ.സി വേണുഗോപാൽ എംപിക്കെതിരായും സമാന കുറ്റം കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം സ്ത്രീപീഡനം സംബന്ധിച്ച് കമ്മീഷന്‍റെ സ്വന്തം നിഗമനങ്ങളില്ല. സരിതയുടെ കത്തിലെ ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


