ആശങ്ക പരത്തി കൊറിയൻ മുനമ്പിനു മുകളിലൂടെ യുഎസ് ബോംബർ വിമാനങ്ങൾ


പ്യോങ്യാങ് : സംഘർഷ സാധ്യത നിലനിൽക്കുന്ന കൊറിയൻ മുനമ്പിനു മുകളിലൂടെ യുഎസ് ബോംബർ വിമാനങ്ങൾ പറന്നത് ആശങ്ക പരത്തി. വിലക്കുകളും മുന്നറിയിപ്പും അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതിനു തിരിച്ചടിയെന്ന നിലയിലാണു രണ്ടു ബോംബർ വിമാനങ്ങൾ കൊറിയൻ മുനമ്പിനു മുകളിലൂടെ യുഎസ് പറത്തിയതെന്ന് യുഎസ് വ്യോമസേന ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

യുഎസിനെ ഏതാണ്ടു മുഴുവനായും പരിധിയിലാക്കാൻ കഴിയുന്ന ഭൂഖണ്ഡാന്തര മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണു കൊറിയൻ മുനമ്പിനു മുകളിലൂടെ ബോംബർ വിമാനങ്ങൾ പറത്തിക്കൊണ്ടുള്ള കടുത്ത മുന്നറിയിപ്പ് നൽകിയത്.

പശ്ചിമ പസിഫിക്കിലുള്ള യുഎസ് വ്യോമ താവളത്തിൽനിന്നു പറന്നുയർന്ന ബോംബർ വിമാനങ്ങളെ ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും അനുഗമിച്ചതായി യുഎസ് വ്യോമസേനയുടെ പ്രസ്താവനയിലുണ്ട്. ഏതുവിധത്തിലുള്ള ഭീഷണിയും നേരിടാന്‍ തങ്ങൾ സുസജ്ജരാണെന്നും യുഎസ് പസിഫിക് എയർ ഫോഴ്‍സ് കമാൻഡർ ജനറൽ ടെറൻസ് ജെ. ഓങ്ഷൗനെസി വ്യക്തമാക്കി.

ജഗാംഗ് പ്രവിശ്യയില്‍നിന്ന് ആണവായുധ വാഹകശേഷിയുള്ള മിസൈലാണ് ഉത്തര കൊറിയ കഴിഞ്ഞ ദിവസം പരീക്ഷിച്ചത്. ഈ മാസം ഉത്തര കൊറിയ നടത്തുന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ പരീക്ഷണമാണിത്. ആരെയും എപ്പോൾ വേണമെങ്കിലും നേരിടാനുള്ള ഉത്തരകൊറിയയുടെ ശക്തി തെളിയിക്കുന്നതാണ് മിസൈൽ പരീക്ഷണമെന്ന് ഏകാധിപതി കിം ജോങ് ഉൻ പറഞ്ഞതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ടു ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed