ക്യാൻസർ രോഗികളുടെ വേദനസംഹാരി ഇനി മാരക ലഹരി; ഇടുക്കിയിൽ ഇൻസുലിൻ സിറിഞ്ചും കഞ്ചാവുമായി മൂന്ന് യുവാക്കൾ കുടുങ്ങി!
ഷീബ വിജയൻ
ഇടുക്കിയിൽ ക്യാൻസർ ബാധിതർക്ക് നൽകുന്ന തീവ്ര വേദനസംഹാരി ഗുളികകൾ മാരക ലഹരിയാക്കി കുത്തിവെച്ച് ഉപയോഗിച്ച മൂന്ന് യുവാക്കളെ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിലൂടെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം പുതുകിൽ ഫ്രാൻസിസ്, ചിറക്കുന്നേൽ അൻസിൽ, മഞ്ഞപ്പാറ മന്നിക്കൽ ജെസ്മിൻ എന്നിവരാണ് പിടിയിലായത്. നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഫ്രാൻസിസ്, അൻസിൽ എന്നിവരെ പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കൽ നിന്ന് ഇൻസുലിൻ സിറിഞ്ചുകളും കപ്പളത്തിന്റെ (പപ്പായ) തണ്ട് ഘടിപ്പിച്ച കുപ്പികളും 'ടാപെന്റാഡോൾ 100 മില്ലിഗ്രാം' ഗുളികകളും കണ്ടെത്തിയത്.
കീമോതെറാപ്പിക്ക് ശേഷം അതീവ വേദനയനുഭവിക്കുന്ന ക്യാൻസർ രോഗികൾക്ക് നൽകുന്ന ഈ ഗുളികകൾ വെള്ളത്തിൽ ലയിപ്പിച്ച് സിറിഞ്ച് വഴി ശരീരത്തിലേക്ക് കുത്തിവെക്കുകയായിരുന്നു ഇവരുടെ രീതി. ഇതോടൊപ്പം കപ്പളത്തിന്റെ തണ്ട് ഘടിപ്പിച്ച പ്ലാസ്റ്റിക് കുപ്പിയിലൂടെ കഞ്ചാവ് പുകച്ച് വലിക്കുന്ന പ്രത്യേക രീതിയും ഇവർ ഉപയോഗിച്ചിരുന്നു. ഈ വേദനസംഹാരി കുത്തിവെച്ച ശേഷം കഞ്ചാവ് ഉപയോഗിച്ചാൽ രണ്ടു ദിവസത്തോളം കടുത്ത ലഹരി ലഭിക്കുമെന്നാണ് യുവാക്കൾ പോലീസിനോട് വെളിപ്പെടുത്തിയത്. കട്ടപ്പനയിലുള്ള 'ക്യാപ്സ്യൂൾ' മെഡിക്കൽ സ്റ്റോറിൽ നിന്ന് 22,000 രൂപ നൽകിയാണ് ഇവർ ഗുളികകൾ വാങ്ങിയതെന്നും ദിവാകർ എന്നയാളാണ് തങ്ങളെ ഇതിനായി പറഞ്ഞയച്ചതെന്നും പ്രതികൾ സമ്മതിച്ചു. കഞ്ചാവുമായി പിടിയിലായ ജെസ്മിനും ഈ മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നു. ഒളിവിലുള്ള ദിവാകറിനായും കുറിപ്പടിയില്ലാതെ മരുന്ന് നൽകിയ മെഡിക്കൽ സ്റ്റോറിനെതിരെയും നെടുങ്കണ്ടം സബ് ഇൻസ്‌പെക്ടർ ലിജോ പി. മണിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർമ്മിതമാക്കിയിട്ടുണ്ട്.
asadsasdas

