'മഹിഷ്മതി' വീണ്ടും ഉണരുന്നു! 'ബാഹുബലി 3' സൂചനയുമായി പ്രഭാസും റാണയും; സിനിമാലോകം ആവേശത്തിൽ
ഷീബ വിജയൻ
ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച 'ബാഹുബലി' പരമ്പരയ്ക്ക് മൂന്നാം ഭാഗം വരുന്നുവെന്ന സൂചനകൾ പുറത്തുവിട്ട് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ 'ബാഹുബലി: ദ ടോർച്ച്ബെയറർ' എന്ന ഡോക്യുമെന്ററിയിലെ ഒരു ദൃശ്യമാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൻ ചർച്ചയായിരിക്കുന്നത്. ഡോക്യുമെന്ററിയിൽ ചിത്രത്തിലെ പ്രധാന താരങ്ങളായ പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുബട്ടി എന്നിവർ ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ഭാഗത്താണ് ഈ സൂചനയുള്ളത്.
'ലോകം ഇതുവരെ തയ്യാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി വരും' എന്ന് റാണ പറയുമ്പോൾ പ്രഭാസും അനുഷ്കയും വലിയ ആവേശത്തോടെയാണ് പ്രതികരിക്കുന്നത്. സംസാരത്തിനിടയിൽ പ്രഭാസ് തന്റെ മൂന്ന് വിരലുകൾ ഉയർത്തി ബാഹുബലി 3 എന്ന സൂചന നൽകിയപ്പോൾ റാണയും അനുഷ്കയും ചേർന്ന് പ്രഭാസിന്റെ കൈ പിടിച്ചുവെക്കുന്നതും കാണാം. 'ലെഗസി തുടരുന്നു' എന്ന വാക്കുകളോടെയാണ് ഈ ഡോക്യുമെന്ററി അവസാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സംവിധായകൻ എസ്.എസ്. രാജമൗലി നിലവിൽ മഹേഷ് ബാബു നായകനാകുന്ന 'വാരണാസി' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കുകളിലാണെങ്കിലും, ബാഹുബലി 3 ഉണ്ടാകുമെന്ന പുതിയ സൂചന സിനിമാലോകത്തെ ആവേശത്തിലാക്കിയിട്ടുണ്ട്.
asdsaadsas

