നഴ്സുമാരെ അധിക്ഷേപിച്ച കങ്കണയ്ക്കെതിരെ ദീപ്തി മേരി വർഗീസ്
ഷീബ വിജയൻ
കൊച്ചി: നഴ്സിംഗ് ജോലി ലൈംഗികവത്കരിക്കപ്പെട്ട ഒന്നാണെന്ന ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് രംഗത്ത്. കങ്കണയുടെ പ്രസ്താവന നഴ്സിംഗ് മേഖലയെയും ഈ തൊഴിൽ ആത്മാർത്ഥതയോടെ നിർവഹിക്കുന്ന ലക്ഷക്കണക്കിന് നഴ്സുമാരുടെ ആത്മാഭിമാനത്തെയും ആഴത്തിൽ മുറിപ്പെടുത്തുന്നതാണെന്ന് ദീപ്തി ഫേസ്ബുക്കിൽ കുറിച്ചു.
വെറും ചീപ്പ് പബ്ലിസിറ്റിക്കും തന്റെ പുതിയ സിനിമയുടെ പ്രമോഷനും വേണ്ടി സ്വന്തം പാർട്ടിയിലെ പ്രവർത്തകരുടെ പോലും ആത്മാഭിമാനം പണയം വെക്കുന്ന എംപിക്കെതിരെ ബിജെപി പ്രവർത്തകർ തന്നെ രംഗത്തുവരണമെന്ന് ദീപ്തി ആവശ്യപ്പെട്ടു. നഴ്സുമാർ എന്നത് കേവലം ഒരു തൊഴിൽ വിഭാഗം മാത്രമല്ലെന്നും, അവർ മനുഷ്യജീവൻ രക്ഷിക്കുന്ന കരുണയുടെ കൈകളാണെന്നും ദീപ്തി ഓർമ്മിപ്പിച്ചു. കോവിഡ് കാലത്ത് ലോകം മുഴുവൻ ആദരിച്ച ഒരു ജനവിഭാഗത്തെയാണ് ഒരു ജനപ്രതിനിധി അപമാനകരമായ വാക്കുകൾ കൊണ്ട് വേട്ടയാടുന്നത്. ഇത്തരത്തിലുള്ള വികലമായ കാഴ്ചപ്പാടുകൾ നമ്മുടെ സമൂഹത്തിന് ആവശ്യമില്ലെന്നും ദീപ്തി മേരി വർഗീസ് തന്റെ കുറിപ്പിൽ വ്യക്തമാക്കി.
ZZAASASDAS

