ട്രോളിംഗ് നിരോധനം ആരംഭിച്ചു; മത്സ്യബന്ധന ബോട്ടുകൾ തീരമണിഞ്ഞു


ഷീബ വിജയൻ

വൈപ്പിൻ: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അർദ്ധരാത്രിയോടെ പ്രാബല്യത്തിൽ വന്നു. ഇനി വരുന്ന 52 ദിവസങ്ങൾ ട്രോളിംഗ് ബോട്ടുകൾക്ക് വിശ്രമകാലമാണ്. നിരോധനം നിലവിൽ വന്നതോടെ കൊച്ചി തീരക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന തൊണ്ണൂറോളം ബോട്ടുകൾ തീരത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന ബോട്ടുകൾ കൂടി രാത്രിയോടെ മുനമ്പം, മുരുക്കുംപാടം, കൊച്ചി ഹാർബറുകളിലായി തിരിച്ചെത്തും.

അവസാന ദിവസങ്ങളിൽ കടലിൽ പോയ ബോട്ടുകൾക്ക് ചെറിയ ചെമ്മീൻ, ചെറിയ കൂന്തൽ, ഉടുപ്പൂരി തുടങ്ങിയ മത്സ്യങ്ങളും ചെറിയ ബോട്ടുകൾക്ക് മത്തിയുമാണ് പ്രധാനമായും ലഭിച്ചത്. മഴ പെയ്ത് കടൽ ഇളകി മറിഞ്ഞെങ്കിലും തൊട്ടുപിന്നാലെ ട്രോളിംഗ് നിരോധനം വന്നതിനാൽ ബോട്ടുകൾക്ക് കാര്യമായ ലാഭം കൊയ്യാൻ സാധിച്ചില്ല. ബോട്ടുകൾ പൂർണ്ണമായും കപ്പലടുക്കുന്നതോടെ ഇതരസംസ്ഥാന തൊഴിലാളികളായ മത്സ്യത്തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങും. ഇനി വരുന്ന രണ്ടുമാസക്കാലം ബോട്ട് യാർഡുകളിലും മറൈൻ വർക്ക് ഷോപ്പുകളിലും അറ്റകുറ്റപ്പണികളുടെ തിരക്കായിരിക്കും. ഇതോടൊപ്പം മറൈൻ ഡീസൽ ബങ്കുകളെല്ലാം അടച്ചിടും.

ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് വൈപ്പിൻ, മുനമ്പം മത്സ്യബന്ധന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്ന ബോട്ടുകളെ പിടികൂടാൻ മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ പട്രോൾ ബോട്ടും, മൺസൂൺ കാലത്ത് കടലിൽ പോകുന്ന പരമ്പരാഗത വള്ളങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക സുരക്ഷാ ബോട്ടുകളും രംഗത്തുണ്ടാകും. ഇനി ജൂലൈ 31ന് അർദ്ധരാത്രിക്ക് ശേഷമേ മത്സ്യബന്ധന ബോട്ടുകൾക്ക് കടലിൽ ഇറങ്ങാൻ അനുമതിയുള്ളൂ. അതുവരെ കടൽ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമായി പരിമിതപ്പെടും.

article-image

qqwdeaswwq

You might also like

  • Lulu Exchange
  • Straight Forward

Most Viewed