'അദാനിയെ കൊണ്ടുവന്നത് ഉമ്മൻചാണ്ടിയല്ലേ?'; ഡൽഹിയിൽ രാഹുലിനെതിരെ ആഞ്ഞടിച്ച് ബ്രിട്ടാസ്, ഇന്ത്യ സഖ്യത്തിൽ പോര് മുറുകുന്നു!


ഷീബ വിജയൻ

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ച 'സിപിഎം-ബിജെപി ഡീല്‍' അടക്കമുള്ള ആരോപണങ്ങളില്‍ ഇന്ത്യ സഖ്യ യോഗത്തില്‍ അതൃപ്തി അറിയിച്ച് സിപിഎം. യോഗത്തില്‍ പങ്കെടുത്ത ജോണ്‍ ബ്രിട്ടാസ് എംപിയാണ്, 'ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി' തുടങ്ങിയ രാഹുലിന്റെ പരാമര്‍ശങ്ങളെ കടുത്ത ഭാഷയിൽ വിമര്‍ശിച്ചത്. ഇതിനു രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇരു നേതാക്കളും തമ്മിലുള്ള വാക് പോരിന് ഇടയാക്കുകയായിരുന്നു.

ജോണ്‍ ബ്രിട്ടാസിന്റെ വിമര്‍ശനങ്ങളെ ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുത്ത സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും പിന്തുണച്ചു. എന്നാല്‍ താന്‍ സംസാരിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് എന്നാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. തുടർന്ന് അദാനി ഗ്രൂപ്പിന് കേരളത്തില്‍ തുറമുഖ പദ്ധതി അനുവദിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനം, 'ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി' തീര്‍ന്നതിന് തെളിവാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. എന്നാൽ ഈ പ്രസ്താവനയെ ശക്തമായി എതിര്‍ത്ത ജോണ്‍ ബ്രിട്ടാസ്, വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനി പോര്‍ട്ട്‌സിനെ കൊണ്ടു വന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണെന്നും ആദ്യം കരാര്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും വ്യക്തമാക്കി.

ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ ഉണ്ടെന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ ഗാന്ധിയുടേയും പ്രസ്താവനകളെയും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. രാഹുലും ഖാര്‍ഗേയും പോലുള്ള നേതാക്കള്‍ ഇത്തരം ആരോപണം ഉന്നയിച്ചാല്‍ ഇന്ത്യ മുന്നണിയുടെ പ്രസക്തി തന്നെയാണ് നഷ്ടപ്പെടുകയെന്നും, ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. 2004 ൽ ഇടതുപക്ഷത്തിന് 64 സീറ്റുകൾ ലഭിച്ചപ്പോൾ ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒന്നാം യുപിഎ സര്‍ക്കാരിന് നിര്‍ലോഭമായ പിന്തുണയാണ് നൽകിയതെന്നും ആ രാഷ്ട്രീയചിത്രം കോണ്‍ഗ്രസ് കാണാതെ പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തങ്ങൾ കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോൾ സിപിഎമ്മിന്റെ നേതാവായ പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചതെന്നും, രണ്ടു മന്ത്രിസ്ഥാനങ്ങള്‍ക്കായി സുപ്രധാന സഖ്യകക്ഷിയായ ഡിഎംകെയെ ഉപേക്ഷിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബ്രിട്ടാസ് തുറന്നടിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം പ്രാദേശിക തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉണ്ടായതാണെന്നും വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും വ്യക്തമാക്കിയ രാഹുൽ ഗാന്ധി, ഡീൽ ആരോപണത്തിൽ സിപിഎമ്മുമായി ഉഭയകക്ഷി ചർച്ചയാകാമെന്നും അറിയിച്ചു. പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം ചർച്ച ചെയ്യാമെന്ന് ജോൺ ബ്രിട്ടാസ് മറുപടി നൽകി. മുന്നണിയിലെ സഖ്യകക്ഷികൾ തമ്മിൽ നല്ല ബന്ധം വേണമെന്നും, ഡിഎംകെയെ മുന്നണിയിൽ തിരിച്ചെത്തിക്കണമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും യോഗത്തിൽ ആവശ്യപ്പെട്ടു.

article-image

WSAASDASDADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed