എക്സാലോജിക് ഇടപാട്: ടി. വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണം
ഷീബ വിജയൻ
കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് അയക്കും. വരും വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കേസിൽ വീണയ്ക്ക് പുറമെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ.എസ്.കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്.സുശേഷ് കുമാർ എന്നിവരുൾപ്പെടെ ഒമ്പത് പേർക്കാണ് ഇഡി സമൻസ് നൽകുന്നത്.
എക്സാലോജിക്-സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ തയ്യാറാക്കിയ കുറ്റപത്രത്തിലെ പ്രധാന രേഖകളെല്ലാം ഇഡിക്ക് കൈമാറാൻ കൊച്ചിയിലെ പിഎംഎൽഎ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇഡി നൽകിയ പ്രത്യേക അപേക്ഷയിലാണ് കോടതിയുടെ ഈ നിർണായക വിധി. നിർദ്ദിഷ്ട രേഖകൾ 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ എസ്എഫ്ഐഒയ്ക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണായക രേഖകളാണ് ഇഡിക്ക് കൈമാറേണ്ടി വരിക. എക്സാലോജിക് കമ്പനിയുമായി ഒപ്പുവെച്ച കരാറുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ടി. വീണയുടെ ഐടി റിട്ടേൺസ് വിവരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.
hjkhjkhjkhjk

