നാളെ സാരി വിതരണമില്ല; വാർത്തകൾ നിഷേധിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ
ഷീബ വിജയൻ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി പദ്ധതി 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നാളെ നടത്തുന്ന ചടങ്ങിൽ സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തള്ളി ഗതാഗതമന്ത്രി സി.പി. ജോൺ. പദ്ധതിയുടെ ഭാഗമായി സാരി വിതരണം ചെയ്യില്ലെന്നും ആഘോഷപരിപാടികൾ മാത്രമാണ് സംഘടിപ്പിക്കുന്നതെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി പദ്ധതി നൂറ് ദിവസം തികയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും 15 സാരികൾ വീതം വനിതകൾക്ക് വിതരണം ചെയ്യുമെന്ന തരത്തിൽ മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് തെറ്റായ വാർത്തകൾ തിരുത്തി മന്ത്രി തന്നെ രംഗത്തെത്തിയത്.
നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി. ടെർമിനലിൽ നടക്കുന്ന ആഘോഷച്ചടങ്ങ് മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. പ്രിയദർശിനി പദ്ധതി മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്നും ഈ രീതിയിൽ തന്നെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
sdfsdf

