നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണുവെച്ച് എൽ.ഡി.എഫ്; കേരള യാത്ര ഫെബ്രുവരി ഒന്നു മുതല്‍
ഷീബ വിജയൻ
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം വട്ടവും ഭരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇടതുമുന്നണി വിപുലമായ മേഖലാ ജാഥകൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്നു മുതൽ ആരംഭിക്കുന്ന 'കേരള യാത്ര' തെക്ക്, മധ്യ, വടക്കൻ മേഖലകളിലായി മൂന്ന് വിഭാഗങ്ങളായാണ് നടക്കുക. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികളായ സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ് (എം) എന്നിവരാണ് ജാഥകൾക്ക് നേതൃത്വം നൽകുന്നത്. വടക്കൻ മേഖലാ ജാഥയ്ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയ്ക്ക് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും തെക്കൻ മേഖലാ ജാഥയ്ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേതൃത്വം നൽകും.
കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ 60 മണ്ഡലങ്ങളിലൂടെയാണ് എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ കടന്നുപോകുന്നത്. 15 ദിവസം നീണ്ടുനിൽക്കുന്ന ഈ പര്യടനത്തിന് പുറമെ, എറണാകുളം മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലെ 33 മണ്ഡലങ്ങളിൽ ഒമ്പത് ദിവസം ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ മധ്യമേഖലാ ജാഥ പര്യടനം നടത്തും. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള നാല് ജില്ലകളിലെ 47 മണ്ഡലങ്ങളിലൂടെയാണ് ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ കടന്നുപോകുന്നത്. മുന്നണിയിലെ എല്ലാ ഘടകകക്ഷി നേതാക്കളും ഈ ജാഥകളിൽ അംഗങ്ങളാകും.
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന തുറന്നുകാട്ടുന്നതിനൊപ്പം സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ജാഥയുടെ മുഖ്യ അജണ്ട. നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കും. ജാഥയുടെ വൈസ് ക്യാപ്റ്റൻമാരെയും മറ്റ് അംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എൽ.ഡി.എഫ് നേതൃയോഗം തീരുമാനിക്കും.
കേരള യാത്രയ്ക്ക് പുറമെ ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ ജനുവരി 15 മുതൽ 22 വരെ വീടുകയറി പ്രചാരണം നടത്താനും ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ജനുവരി അഞ്ചിന് വാർഡ് തലത്തിൽ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും ജനുവരി 12-ന് കേന്ദ്ര നയങ്ങൾക്കെതിരെ സത്യാഗ്രഹ സമരവും സംഘടിപ്പിക്കും. രാവിലെ ഒരു സ്വീകരണവും ഉച്ചകഴിഞ്ഞ് മൂന്ന് സ്വീകരണവും എന്ന രീതിയിലാണ് ജാഥയുടെ പര്യടനം ക്രമീകരിച്ചിരിക്കുന്നത്.
asdsaadssa
