രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്സി സർവീസ് 'ഭാരത് ടാക്സി'
ഷീബ വിജയൻ
ന്യൂഡൽഹി I രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്സി സർവീസായ ഭാരത് ടാക്സി കേന്ദ്ര സർക്കാർ ആരംഭിച്ചു. കേന്ദ്ര സഹകരണ മന്ത്രാലയവും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും (NeGD) ചേർന്നാണ് ഈ സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്. നവംബറിൽ ഡൽഹിയിൽ 650 വാഹനങ്ങളും അവയുടെ ഉടമകളായ ഡ്രൈവർമാരുമായി ഭാരത് ടാക്സി സർവീസ് ആരംഭിക്കും. പരീക്ഷണം വിജയകരമായാൽ 2025 ഡിസംബറിൽ മറ്റ് പ്രധാന നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും. പ്രാരംഭ ഘട്ടത്തിൽ സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 5,000 ഡ്രൈവർമാർ പങ്കെടുക്കും. മുംബൈ, പൂനെ, ഭോപ്പാൽ, ലഖ്‌നൗ, ജയ്പൂർ ഉൾപ്പെടെ 20 നഗരങ്ങളിലേക്ക് ഇത് അടുത്ത ഒരു വർഷത്തിനുള്ളിൽ എത്തും. 2026 മാർച്ചോടെ മെട്രോ നഗരങ്ങളിലും, 2030ഓടെ ഒരു ലക്ഷം ഡ്രൈവർമാരെ ഉൾപ്പെടുത്തി ജില്ലാ ആസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഭാരത് ടാക്സി എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഡ്രൈവർമാർക്ക് അവരുടെ വരുമാനത്തിൽ പൂർണമായ ഉടമസ്ഥാവകാശം ഉറപ്പാക്കുക, യാത്രക്കാർക്ക് സർക്കാർ മേൽനോട്ടത്തിലുള്ള സുരക്ഷിതവും സുതാര്യവുമായ ബദൽ നൽകുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ആപ്പ് അധിഷ്ഠിത ടാക്സി പുതിയ ഭാരത് ടാക്സി പ്ലാറ്റ്‌ഫോമിൽ കമീഷൻ സമ്പ്രദായം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പകരം അംഗത്വ മാതൃകയിലാണ് സർവീസ് പ്രവർത്തിക്കുക. ഡ്രൈവർമാർ ഒരു നിശ്ചിത പ്രതിദിന, പ്രതിവാര അല്ലെങ്കിൽ പ്രതിമാസ ഫീസ് മാത്രം അടച്ചാൽ മതി. ഇത് ഡ്രൈവർമാർക്ക് കൂടുതൽ വരുമാനം ലഭിക്കുന്നതിനും അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
DEFFDEEDFW
