ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു
ഷീബ വിജയൻ
പത്തനംതിട്ട I ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഹാജരാക്കിയത്. അടച്ചിട്ട കോടതി മുറിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ഒക്ടോബർ 30 വരെ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടതായി കോടതി അറിയിച്ചു. ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ എത്തിച്ചത്. വ്യാഴാഴ്ച രാവിലെ കിളിമാനൂരിനടുത്ത് പുളിമാത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 10 മണിക്കൂറോളം ചോദ്യം ചെയ്തശേഷം പുലർച്ചെ രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെയും മൊഴി നൽകിയിട്ടുണ്ട്.
അതേസമയം കേസിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട മുരാരി ബാബുവിന്‍റെ രാജി എഴുതി വാങ്ങി എൻഎസ്എസ്. എൻഎസ്എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്‍റായിരുന്നു മുരാരി ബാബു. വിവാദ കാലയളവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് ഇയാളുടെ രാജി എഴുതി വാങ്ങിയത്. ഞായറാഴ്ചത്തെ കരയോഗം പൊതുയോഗം ഇത് അംഗീകരിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ആവശ്യപ്രകാരമാണ് നടപടി. സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തത്.
cdzxdxfas
