രാഹുലിന്റെ പൊതുപരിപാടി; കോൺഗ്രസിൽ പൊട്ടിത്തെറി, പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ഷീബ വിജയൻ
പാലക്കാട് I രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. തങ്ങളെ അറിയിക്കാതെ പരിപാടി നടത്തിയെന്ന് കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ മൻസൂർ മണലാഞ്ചേരി പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മൻസൂർ ശബ്ദ സന്ദേശം ഇട്ടത്. പുത്തൂരിൽ നിന്നുള്ള ആളുകൾ പരിപാടിക്കെത്തി. എന്നാൽ പുതുപ്പള്ളി തെരുവിൽ നിന്നുള്ളവരെ അറിയിച്ചില്ല. രഹസ്യമായി നടത്തിയ പരിപാടിയുടെ വിവരങ്ങൾ തങ്ങൾ ചോർത്തും എന്നതിനാലാണോ അറിയിക്കാതിരുന്നതെന്നും മൻസൂർ ചോദിക്കുന്നു. എന്തുകൊണ്ട് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും മൻസൂർ പറഞ്ഞു.
അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത്. പാലക്കാട് ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെ ഡിവൈഎഫ്ഐ നേതാക്കൾ ഉപരോധിച്ചു. ജില്ലാ സെക്രട്ടറി കെ. സി റിയാസുദ്ദീൻ, ആർ ജയദേവ് എന്നിവർ അടങ്ങുന്ന സംഘമാണ് ഉപരോധിച്ചത്. പുതുതായി തുടങ്ങിയ പാലക്കാട് - ബംഗളൂരു കെഎസ്ആർടിസി എസി ബസ് സർവീസ് ആണ് ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തത്. പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കെഎസ്ആർടിസിയുടെ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് സർക്കാർ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത്.
GHFGFG