വോട്ടർപട്ടിക ക്രമക്കേട് ആരോപണം; കോടതിയെ സമീപിച്ച് ടി.എൻ. പ്രതാപൻ

ശാരിക
തൃശൂർ l വോട്ടർപട്ടിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിച്ചതായി കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ടി.എൻ. പ്രതാപൻ. സുരേഷ് ഗോപിയും കുടുംബവും നിയമവിരുദ്ധമായി വോട്ടുചേർത്തുവെന്ന് ആരോപിച്ച് സിറ്റി പോലീസിനു കമ്മീഷണർക്കു നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം അവസാനിപ്പിച്ചതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്. തൃശൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി മൂന്നിലാണു സ്വകാര്യ അന്യായം ഫയൽ ചെയ്തത്. അന്യായം ഫയലിൽ സ്വീകരിച്ചതായും ഈ മാസം 23നു റിപ്പോർട്ട് നൽകാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടതായും പ്രതാപൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരത്തു സ്ഥിരതാമസക്കാരായ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും വ്യാജസത്യപ്രസ്താവന ബോധിപ്പിച്ചാണ് നിയമസഭാമണ്ഡലത്തിലെ 115ാം നന്പർ ബൂത്തിൽ വോട്ടുചേർത്തത്. ഒരേ വിലാസത്തിൽ മക്കൾ ഉൾപ്പെടെ 11 പേരുടെ വോട്ടുകളാണ് ഇപ്രകാരം ചേർത്തത്. ഇതുസംബന്ധിച്ച് മണ്ണുത്തി പോലീസ് സ്റ്റേഷനിലും തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കും പരാതിനൽകിയെങ്കിലും യാതൊരു മറുപടിയും നൽകിയില്ല. വിവരാവകാശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയെങ്കിലും നിരസിച്ചു. കേസെടുക്കാൻ ആകില്ലെന്ന് ഈ നിമിഷംവരെ പരാതിക്കാരനായ തന്നെ പോലീസ് അറിയിച്ചിട്ടില്ലെന്നും പ്രതാപൻ പറഞ്ഞു.
dzdf