ശ്രീകൃഷ്ണ ജയന്തി നടക്കാനിരിക്കെ എന്ത് നെറികേടിനും ആർ.എസ്.എസ് മടിക്കില്ല ; സന്ദീപ് വാര്യർ

ഷീബ വിജയൻ
പാലക്കാട് I ജില്ലയിൽ ആർ.എസ്.എസ് ബന്ധമുള്ള സ്കൂൾ കോമ്പൗണ്ടിൽ ബോംബ് സ്ഫോടനമുണ്ടായ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. നഗരസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പാലക്കാട് നഗരത്തിൽ ആസൂത്രിതമായ സാമുദായിക കലാപം ലക്ഷ്യമിട്ട് സംഘപരിവാർ ആയുധ ശേഖരണം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.‘പാലക്കാട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ നടന്ന ബോംബ് സ്ഫോടനം മറച്ച് വക്കാനുള്ള ആസൂത്രിതമായ ശ്രമം നടക്കുന്നു. ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര, ഗണേശോത്സവം എന്നിവ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ എന്ത് നെറികേടും കാണിക്കാൻ ഇവർ മടിക്കില്ല. കേരളത്തെ കലാപഭൂമിയാക്കാൻ സംഘപരിവാറിനെ അനുവദിക്കരുത്’ -സന്ദീപ് വാര്യർ അഭിപ്രായപ്പെട്ടു.
സ്കൂൾ കോമ്പൗണ്ടിൽ ബോംബ് പൊട്ടിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മാനേജ്മെന്റിന് ഒഴിഞ്ഞു മാറാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. സ്കൂളിന്റെ എൻ.ഒ.സി റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. എൻ.ഒ.സി റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റിന് കത്ത് നൽകും. ഇതിനുള്ള നിർദേശം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
FXFXFXF