അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ: കുറ്റം തെളിഞ്ഞാൽ ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് മന്ത്രി ശിവൻകുട്ടി

ഷീബ വിജയൻ
മലപ്പുറം I പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ ഡി.ഇ.ഒ ഓഫിസ് ജീവനക്കാരെ സസ്പെൻഡ് ചെയ്തത് സാധാരണ നടപടി മാത്രമാണ്. പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വാസുകി ഐ.എ.എസിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച്ചക്കകം റിപ്പോർട്ട് ലഭിക്കും. ഇതിൽ കുറ്റം തെളിഞ്ഞാൽ പിരിച്ചുവിടുന്നത് ആലോചനയിലുണ്ടെന്നും മലപ്പുറം പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. ഹൈകോടതി ഉത്തരവും മന്ത്രിയുടെ നിർദേശ പ്രകാരമുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടെ രേഖാമൂലമുള്ള ഉത്തരവും ഉണ്ടായിട്ടും ഉദ്യോഗസ്ഥർ അധ്യാപികയെ മാസങ്ങളോളം ഓഫിസ് കയറ്റിയിറക്കി പ്രയാസപ്പെടുത്തി. ഓരോ ഫയലും ഓരോ ജീവിതമാണെന്നത് ഉദ്യോഗസ്ഥർ ഓർക്കണം. കൃത്യനിർവഹണത്തിൽ അനാസ്ഥ വരുത്തുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ വ്യവസ്ഥയുണ്ട്. ഇത്തരക്കാരെ ഒഴിവാക്കിയാലേ സിവിൽ സർവിസ് കാര്യക്ഷമമാവുകയുള്ളൂ. ഫയലുകളിൽ കൃത്യമായ നടപടി സ്വീകരിക്കാതെ പിടിച്ചുവെച്ചാൽ ജോലി നഷ്ടപ്പെടുമെന്ന ബോധം ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്നും മന്ത്രി കൂട്ടി ചേർത്തു.
QWasadsads