വി.എസിന്റെ ഭൗതികശരീരം അവസാനമായി പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ

ഷീബ വിജയൻ
തിരുവനന്തപുരം I വി.എസിന്റെ ഭൗതികശരീരം ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 22 മണിക്കൂറോളം പിന്നിട്ടാണ് ജന്മനാട്ടിലെത്തിയത്. കനത്ത മഴയെ അവഗണിച്ചും ആയിരങ്ങളാണ് വി.എസിനെ ഒരുനോക്ക് കാണാനായി റോഡിനിരുവശവുമായി അണിനിരന്നത്. അഭൂതപൂർവമായ ജനക്കൂട്ടമാണ് വഴിയോരങ്ങളിൽ പ്രിയ സഖാവിനെ അവസാനമായി കാണാൻ കാത്തുനിന്നത്. ഒഴുകിയെത്തിയ ജനസാഗരങ്ങൾക്കിടയിലൂടെ വിലാപയാത്ര നിശ്ചയിച്ച സമയം കടന്ന വളരെ വൈകിയാണ് ജന്മനാട്ടിലെത്തിയത്. പ്രത്യേകം തയാറാക്കിയ കെ.എസ്.ആർ.ടി.സി ബസിൽ ദർബാർ ഹാളിൽ നിന്ന് പുന്നപ്രയിലേക്കുള്ള വിലാപയാത്ര ഉച്ചക്ക് 2.15നാണ് ആരംഭിച്ചത്. മകൻ അരുൺകുമാർ, എം.വി. ജയരാജൻ, വി. ജോയി, പുത്തലത്ത് ദിനേശൻ എന്നിവരാണ് ബസിലുണ്ടായിരുന്നത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേർ അനുഗമിച്ചു. വാഹനം കടന്നുപോകുന്ന ദേശീയപാതക്ക് ഇരുവശവും വി.എസിന്‍റെ ചിത്രങ്ങളും പുഷ്പങ്ങളും ചെങ്കൊടികളുമായി ആയിരങ്ങളാണ് കാത്തുനിന്നത്. വീട്ടിൽ നിന്ന് നേരെ ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിലേക്കായിരിക്കും കൊണ്ടുപോകുക. അന്തിമോപചാരം അര്‍പ്പിക്കാൻ അരമണിക്കൂർ സമയമാണ് അവിടെ നിശ്ചിയിച്ചിട്ടുള്ളത്. പിന്നാലെ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. വൈകിട്ടോടെ വലിയ ചുടുകാട്ടിലാണ് സംസ്‌കാരം.
പ്രതീക്ഷിച്ചതിൽ നിന്നും ഏറെ വൈകിയാണ് വിലാപയാത്ര വിവിധ കേന്ദ്രങ്ങൾ പിന്നിട്ടത്. എ.കെ.ജി സെന്‍ററിലെ പൊതുദർശനത്തിന് ശേഷം തിങ്കളാഴ്ച രാത്രി 12 നാണ് വി.എസിന്‍റെ ഭൗതിക ശരീരം മകൻ അരുൺകുമാറിന്‍റെ ബാർട്ടൺ ഹിൽ ജങ്ഷനിലെ ‘വേലിക്കകത്ത്’ വീട്ടിലെത്തിച്ചത്. ഇവിടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമർപ്പിച്ചു.
ADSWEQWDDAS