അയാളെന്നെ ചവിട്ടിക്കൂട്ടി, സഹിക്കാൻ വയ്യ'; അതുല്യയുടെ ശബ്ദസന്ദേശം പുറത്ത്

ഷീബ വിജയൻ
തിരുവനന്തപുരം I ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യ സുഹൃത്തിനയച്ച ശബ്ദസന്ദേശം പുറത്ത്. അയാളെന്നെ ചവിട്ടിക്കൂട്ടിയെന്നും തനിക്ക് ഇതൊന്നും സഹിക്കാനാവുന്നില്ലെന്നതും പറയുന്ന ശബ്ദസന്ദേശമാണ് അതുല്യ സുഹൃത്തിനയച്ചത്. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ട് അതും ചെയ്യാനാവുന്നില്ല. 'താഴെക്കിടക്കുമ്പോൾ ചവിട്ടിക്കൂട്ടി. സഹിക്കാൻ വയ്യ. അനങ്ങാൻ വയ്യ, വയറെല്ലാം ചവിട്ടി, ഇത്രയെല്ലാം കാണിച്ചിട്ടും അയാളുടെ കൂടെ നില്‍ക്കേണ്ട അവസ്ഥയാണ്. പറ്റുന്നില്ലെടീ.. എന്ന് കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനോട് പറയുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്. ഈ ഡിജിറ്റൽ തെളിവുകൾ അതുല്യയുടെ കുടുംബം അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിരുന്നു. സ്ത്രീധനത്തിൻ്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്. അമ്മയുടെ മൊഴിയിലാണ് കേസ് എടുത്തിട്ടുള്ളത്. ഞാൻ മരിച്ചാൽ ആത്മഹത്യ ചെയ്തതല്ലെന്നും കൊന്നതാണെന്ന് കരുതണമെന്നും മകൾ പറഞ്ഞിരുന്നുവെന്ന് അമ്മ മൊഴി നൽകി. ഷാർജ പൊലീസ് അസ്വാഭാവിക മരണത്തിനും കേസെടുത്തിട്ടുണ്ട്. മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
DSAADSDAS