പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി എന്‍ഐഎ കോടതി റദ്ദാക്കി

ശാരിക
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടിയില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് തിരിച്ചടി. സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും ഒരു സംഘം ട്രസ്റ്റിമാരും നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സമിതിയുടെ തീരുമാനം എന്‍ഐഐ കോടതി റദ്ദാക്കുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിന് ഈ സ്വത്തുക്കള്‍ ഉപയോഗിക്കുന്നു എന്ന എന്‍ഐഎ വാദം കോടതി തളളി. ജപ്തി നടപടി റദ്ദാക്കിയതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനം എന്ന് കണക്കാക്കുന്ന മഞ്ചേരി ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ കീഴിലുള്ള പത്ത് ഹെക്ടര്‍ ഭൂമിയും മറ്റിടങ്ങളിലെ പള്ളികളും കെട്ടിടങ്ങളും ഉള്‍പ്പെടുന്നു. ആലപ്പുഴയിലെ ആലപ്പി സോഷ്യല്‍ കള്‍ച്ചറല്‍ ട്രസ്റ്റ്, കരുനാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷന്‍, പന്തളം എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയും ചാവക്കാട് മൂന്ന് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളും മാനന്തവാടിയിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റിന് കീഴിലെ ഭൂമി, ആലുവയിലെ അബ്ദുള്‍ സത്താര്‍ ഹാജി മൂസ സെയ്ത്ത് പള്ളി പരിസരം, പട്ടാമ്പിയിലെ ഷോപ്പിംഗ് കോംപ്ലക്‌സ്, കോഴിക്കോട് മീഞ്ചന്തയിലെ കെട്ടിടം എന്നിവയാണ് വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്ന എന്‍ഐഎ അവകാശവാദത്തെ തുടര്‍ന്നായിരുന്നു സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ആവശ്യപ്പെട്ടത്. ചിലയിടങ്ങളില്‍ വാടകയുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടെ ഈ സ്ഥലങ്ങള്‍ പിഎഫ്‌ഐ ഓഫീസുകളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. പിഎഫ്‌ഐ നേതാക്കളായിരുന്നവര്‍ ബോര്‍ഡ് ട്രസ്റ്റികളായിരുന്ന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുവെന്നായിരുന്നു ഗ്രീന്‍ വാലി ഫൗണ്ടേഷനെതിരായ കണ്ടെത്തല്‍.
കാമ്പസ് പോപ്പുലര്‍ ഫ്രണ്ടിന്റെ കേഡര്‍മാരെ പരിശീലിപ്പിക്കാനും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും നിര്‍മ്മിക്കുന്നതിനും ആണ് ഉപയോഗിക്കുന്നത് എന്നും എന്‍ഐഎ ആരോപിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടും എന്‍ഡിഎഫും നിലവില്‍ വരുന്നതിന് മുന്‍പ് സ്ഥാപിച്ചതാണ് കണ്ടുകെട്ടിയ സ്വത്തുക്കള്‍ എന്ന വാദം കോടതി അംഗീകരിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെയായിരുന്നു എന്‍ഐഎ നടപടി.
sadsd