‘മതപൊലീസ്’ സംവിധാനം നിർത്തലാക്കി ഇറാൻ

മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി ഇറാൻ. നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോർണി ജനറൽ വിശദീകരിച്ചു. ഇറാനിൽ മഹ്‌സ അമീനി എന്ന യുവതി മതകാര്യ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതിൽ രാജ്യത്ത് മാസങ്ങളായി വ്യാപക പ്രതിഷേധമായിരുന്നു. അമീനിയുടെ മരണത്തിന് പിന്നാലെ അരങ്ങേറിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് മതപൊലീസ് സംവിധാനമായ ഗഷ്ത് −ഇ −ഇർഷാദ് നിർത്തലാക്കുന്നത്. ഇരുനൂറിലധികം പേർ പ്രക്ഷോഭത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇറാനിൽ ഇസ്ലാമിക നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ചുമതലപ്പെടുത്തിയ മത പൊലീസാണ് ഗഷ്ത്−ഇ ഇർഷാദ്. തിരക്ക് നിറഞ്ഞ തെരുവുകൾ, ഷോപ്പിംഗ് മാളുകൾ, റെയിൽവേ സ്റ്റേഷനുകളിൽ എന്നിവിടങ്ങളിൽ നിലയുറപ്പിക്കുന്ന ഇവർ മതച്ചട്ട പ്രകാരം ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പരസ്യമായി മുഖത്തടിച്ചും, ലാത്തികൊണ്ട് മർദിച്ചും, പൊലീസ് വാനിലേക്ക് വലിച്ചിഴച്ച് ജയിലിലടയ്ക്കും. പത്ത് ദിവസം മുതൽ രണ്ട് മാസം വരെയാണ് ഇറാനിൽ ഹിജാബ് ധരിച്ചില്ലെങ്കിലുള്ള തടവ് ശിക്ഷ. 50,000 മുതൽ അഞ്ച് ലക്ഷം വരെ ഇറാനിയൻ റിയാലും പിഴയായി നൽകേണ്ടി വരും. 74 ചാട്ടയടി വേറെയും.
r6trdy6