ഇന്ത്യയുടെയും അമേരിക്കയുടെയും ഉള്‍പ്പടെ എതിര്‍പ്പുകള്‍ പരിഗണിച്ചില്ല; ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത്

ചൈനീസ് കപ്പല്‍ യുവാന്‍ വാങ് 5 ശ്രീലങ്കന്‍ തുറമുഖത്തെത്തി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ ചാരക്കപ്പല്‍ ചൊവ്വാഴ്ച രാവിലെയാണ് ഹംബന്‍കോട്ട തുറമുഖത്തെത്തിയത്. ഇന്ത്യയും അമേരിക്കയും ഉള്‍പ്പടെ ചൈനീസ് കപ്പലിന്റെ നീക്കത്തില്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ ഗവേഷണ കപ്പലാണിതെന്നാണ് ചൈനയുടെ അവകാശവാദം. ബാലിസ്റ്റിക് മിസൈലുകളും സാറ്റലൈറ്റുകളും ഉള്‍പ്പടെ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന ചൈനീസ് കപ്പലാണ് യുവാന്‍ വാങ് 5. കപ്പലിലെ പാരാബോളിക് ട്രാക്കിങ് ആന്റിനകളും വിവിധ സെന്‍സറുകളും ഉപഗ്രഹങ്ങളുടെ അടക്കം സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ ശേഷിയുള്ളതാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഇന്ന് രാവിലെ 8.40ഓടെയാണ് കപ്പല്‍ ഹംബന്‍കോട്ട തുറമുഖത്ത് എത്തിയത്. ഈ മാസം 22 വരെ തുറമുഖത്ത് നങ്കൂരമിടാനാണ് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 11ന് കപ്പല്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കപ്പലിന് പ്രവേശനാനുമതി നല്‍കുന്നത് നീളുകയായിരുന്നു. ശ്രീലങ്കന്‍ കടലിലായിരിക്കുമ്പോള്‍ ഒരു ഗവേഷണവും നടത്തില്ലെന്ന വ്യവസ്ഥയിലാണ് കപ്പലിന് നങ്കൂരമിടാന്‍ അനുവദം നല്‍കിയിരിക്കുന്നതെന്ന് തുറമുഖ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തുമ്പോള്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികളും മുന്‍കരുതല്‍ ശക്തമാക്കുന്നുണ്ട്. കൂടംകുളം, കല്‍പ്പാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍ അയല്‍രാജ്യങ്ങളുടെ സുരക്ഷയ്ക്കും സഹകരണത്തിനും മുന്‍ഗണന നല്‍കുമെന്ന് ശ്രീലങ്കന്‍ വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.