ഗോത്താബയ രാജപക്സെ തിരിച്ചെത്തുമെന്ന് ശ്രീലങ്ക


സാന്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനകീയ പ്രക്ഷോഭത്തിൽ നാടുവിട്ട ശ്രീലങ്കയിലെ മുൻ പ്രസിഡന്‍റ് ഗോത്താബയ രാജപക്സെ രാജ്യത്തു തിരിച്ചെത്തുമെന്ന് ശ്രീലങ്കൻ കാബിനറ്റ് വക്താവ് ബന്ദുല ഗുണവർധന.

മുൻ പ്രസിഡന്‍റ് ഒളിച്ചിരിക്കുകയല്ലെന്നും സിംഗപ്പൂരിൽ നിന്നു രാജ്യത്തേക്കു തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൂടുതൽ വിശദീകരണത്തിന് അദ്ദേഹം തയ്യാറായില്ല. മാസങ്ങൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരം ജനങ്ങൾ കീഴടക്കിയതോടെ കഴിഞ്ഞ 13നാണ് രാജപക്സെ രാജ്യംവിട്ടത്. ആദ്യം മാലിദ്വീപിലേക്കും അവിടെനിന്നു സിംഗപ്പൂരിലേക്കും കടക്കുകയായിരുന്നു.

രണ്ടാഴ്ചത്തെ താമസത്തിനുള്ള അനുമതിയാണ് രാജപക്സെയ്ക്ക് സിംഗപ്പൂർ നൽകിയിരിക്കുന്നത്. അദ്ദേഹം രാഷ്‌ട്രീയ അഭയം തേടിയിട്ടില്ലെന്ന് സിംഗപ്പൂർ അറിയിച്ചിട്ടുണ്ട്.രാജപക്സെയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ ട്രൂത്ത് ആൻഡ് ജസ്റ്റീസ് പ്രോജക്ട് (ഐടിജെപി) നേരത്തെ സിംഗപ്പൂർ അറ്റോണി ജനറലിന് പരാതി നൽകിയിട്ടുണ്ട്.

ഇതിനിടെ, സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് ഒരുവർഷത്തേക്ക് പരിമിതപ്പെടുത്തിയതായി ശ്രീലങ്കൻ ഊർജമന്ത്രി കാഞ്ചന വിജിശേഖര അറിയിച്ചു. ഇന്ധനവിതരണത്തിന് രാജ്യവ്യാപക റേഷനിംഗ് ഏർപ്പെടുത്തി.

You might also like

Most Viewed