യു.എസ്-റഷ്യ ആണവായുധ നിയന്ത്രണ കരാർ അവസാനിച്ചു; ലോകം ആശങ്കയിൽ


ശാരിക l വാഷിങ്ടൺ:

ആഗോള രാഷ്ട്രീയത്തിൽ വലിയ ആശങ്കകൾക്ക് വഴിയൊരുക്കി യു.എസും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട്' (New START) വ്യാഴാഴ്ച കാലഹരണപ്പെട്ടു. തന്ത്രപ്രധാനമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന ഈ കരാർ അവസാനിച്ചതോടെ, ഇനി ഇരു രാജ്യങ്ങൾക്കും നിയന്ത്രണങ്ങളില്ലാതെ ആയുധങ്ങൾ വിന്യസിക്കാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ, അന്തർവാഹിനികളിൽ നിന്നുള്ള മിസൈലുകൾ, ബോംബർ വിമാനങ്ങൾ എന്നിവയ്ക്കായിരുന്നു 2010-ൽ ഒപ്പിട്ട ഈ കരാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

കരാർ തുടരാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും യു.എസ് ഔദ്യോഗികമായി പ്രതികരിച്ചില്ലെന്ന് റഷ്യൻ വിദേശനയ ഉപദേഷ്ടാവ് യുറി ഉഷകോവ് വ്യക്തമാക്കി. ചർച്ചകൾക്ക് റഷ്യ തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിച്ചില്ല. ചൈനയെ കൂടി ഉൾപ്പെടുത്താതെ പുതിയ കരാറിൽ താൽപ്പര്യമില്ലെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നൽകുന്ന സൂചന. ചൈനയുടെ ആണവശേഖരം വർധിക്കുന്നത് കണക്കിലെടുത്ത് അവരെക്കൂടി ഉൾപ്പെടുത്തിയുള്ള ആയുധ നിയന്ത്രണമാണ് യു.എസ് ലക്ഷ്യമിടുന്നത്. മുൻപ് ജോ ബൈഡൻ കരാർ നീട്ടാൻ ശ്രമിച്ചിരുന്നെങ്കിലും യുക്രെയ്ൻ യുദ്ധത്തോടെ ബന്ധം വഷളായതാണ് കാര്യങ്ങൾ ഈ ഘട്ടത്തിൽ എത്തിച്ചത്.

article-image

fsfs

You might also like

Most Viewed