യുഎന്‍ ബഹുഭാഷാ പൊതുപ്രമേയത്തില്‍ ഹിന്ദിക്ക് പ്രത്യേക പരാമര്‍ശം


ജനീവ: ബഹുഭാഷ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യുഎന്‍ പൊതുസഭ പ്രമേയത്തില്‍ ഹിന്ദിക്ക് പ്രത്യേക പരാമര്‍ശം. യുഎനിന്റെ ഔദ്യോഗിക അനൗദ്യോഗിക ആശയവിനിമയങ്ങളില്‍ വിവിധ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇതാദ്യമായാണ് ഹിന്ദി ഇത്തരത്തിലൊരു പരാമര്‍ശത്തിന് വിധേയമാവുന്നതെന്ന് യുഎനിലെ ഇന്ത്യയുടെ സ്ഥിരം അംഗം ടിഎസ് തിരുമൂര്‍ത്തി വ്യക്തമാക്കി. ഇതോടെ യുഎന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ മെസ്സേജുകള്‍ക്കും മറ്റുപ്രധാന വിനിമയ പ്രക്രിയകള്‍ക്കും ഉപയോഗപ്പെടുത്തി ഹിന്ദി പ്രചരിപ്പിക്കുന്നതിന് വഴി തുറക്കുമെന്ന് ടിഎസ് തിരുമൂര്‍ത്തി വിശദീകരിച്ചു.

യുഎന്‍ പൊതുസഭ വെള്ളിയാഴ്ച്ച കൊണ്ടുവന്ന പ്രമേയത്തിലാണ് ഹിന്ദിക്ക് പ്രത്യേകം പരാമര്‍ശം ലഭിച്ചത്. കൂടാതെ ഉറുദു, ബംഗ്ലാ, ഭാഷകളും യുഎന്‍ പ്രമേയത്തില്‍ പരാമര്‍ശിക്കപ്പെട്ടു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യടക്കമുള്ള നിരവധി രാജ്യങ്ങള്‍ വിവിധഭാഷകള്‍ തുല്ല്യ മാനദണ്ഡങ്ങള്‍ പാലിച്ച് യുഎനിന്റെ ആശയവിനിമയങ്ങളുടെ ഭാഗമാക്കണമെന്ന നിലപാടാണ് സ്വീകരിച്ചുപോരുന്നത്.

യുഎന്‍ ആശയവിനിമയങ്ങളില്‍ ബഹുഭാഷ സംവിധാനം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യന്‍ പ്രതിനിധി തിരുമൂര്‍ത്തി ചൂണ്ടിക്കാണിച്ചു. ഇത്തരം നേട്ടം കൈവരിക്കാന്‍ യുഎനിന് ഇന്ത്യയുടെ എല്ലാ പിന്തുണയും ലഭിക്കുമെന്ന് തിരുമൂര്‍ത്തി പ്രസ്താവിച്ചു. ഇത് സംബന്ധിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗട്ടേഴ്‌സിന് ഇന്ത്യന്‍ പ്രതിനിധി തിരുമൂര്‍ത്തി പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

യുഎനിൻ്റെ ഔദ്യോഗിക ഭാഷകള്‍ക്ക് പുറമേ അനൗദ്യോഗികമായ സംവിധാനമായി മറ്റുഭാഷകള്‍ കൂടി ഉപയോഗിക്കുന്നത് പരിഗണിക്കുന്നതാണ് പ്രമേയം. ബഹുഭാഷ സംവിധാനം യുഎനിൻ്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കണമെന്നാണ് ഇന്ത്യയുടെ ശക്തമായ നിലപാട്.

അറബിക്ക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ് എന്നീ ആറുഭാഷകളെയാണ് യുഎന്‍ ഔദ്യഗിക ഭാഷകളായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ യുഎനിൻ്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സുഗമമാക്കുന്നതിന് ബഹുഭാഷസംവിധാനം സ്വീകരിക്കുന്നത് കൂടുതല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed