നെസ്ലെ 16,000 ജോലിക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു

ശാരിക
വേവെയ് നെസ്പ്രസ്സോ l കോഫി, പെരിയർ വാട്ടർ എന്നീ ഉപകമ്പനികൾ ഉൾപ്പെടുന്ന ആഗോള ഭക്ഷ്യ ഭീമനായ നെസ്ലെ ലോകമെമ്പാടും രണ്ട് വർഷത്തിനുള്ളിൽ 16,000 ജോലിക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ ആകെ ജീവനക്കാരിലെ ആറ് ശതമാനത്തോളം പേരെയാണ് പിരിച്ചുവിടുന്നത്. ഇത് സംബന്ധിച്ച് കമ്പനി പ്രഖ്യാപനം നടത്തി. പ്രഖ്യാപനത്തിനു പിന്നാലെ കമ്പനിയുടെ ഓഹരിവില കുതിച്ചുയർന്നു.
ലോകം മാറുകയാണെന്നും അതിനാൽ നെസ്‌ലെ വേഗത്തിൽ മാറേണ്ടതുണ്ടെന്നും സെപ്റ്റംബർ ആദ്യം കമ്പനിയുടെ തലപ്പത്ത് എത്തിയ ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നാറ്റിൽ പ്രസ്‌താവനയിൽ വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന തീരുമാനം കഠിനമാണ്. എന്നാൽ, ആവശ്യമായ തീരുമാനങ്ങൾ എടുക്കാതെ വയ്യ, അദ്ദേഹം കൂട്ടിച്ചേർത്തു.
തീരുമാനം പുറത്തുവന്നതിനു പിന്നാലെ കമ്പനി ഓഹരികൾ രാവിലെയുള്ള വ്യാപാരത്തിൽ എട്ട് ശതമാനത്തിലധികം ഉയർന്നു. ഇതോടെ സൂറിച്ച് ഓഹരി വിപണി യൂറോപ്പിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെയ്ക്കുന്ന ഓഹരി വിപണിയായി മാറുകയും ചെയ്തു.
ഇതിനോടകംതന്നെ കമ്പനിയുടെ ഉത്പാദന-വിതരണ ശൃംഖലയിൽ നാലായിരത്തോളം പേരെ വെട്ടിക്കുറച്ചിട്ടുണ്ട്. പിരിച്ചുവിടലിലൂടെ ഒരു ബില്യൺ സ്വിസ് ഫ്രാങ്കിൻ്റെ ലാഭമാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. നേരത്തേ ആസൂത്രണം ചെയ്‌തതിന്റെ ഇരട്ടിയാണിതെന്നും റിപ്പോർട്ടുകളുണ്ട്. 2027 അവസാനത്തോടെ സമ്പാദ്യം മൂന്ന് ബില്യൺ സ്വിസ് ഫ്രാങ്കായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഫിലിപ്പ് നാറ്റിൽ വ്യക്തമാക്കി.
rgdg