ഹ്യുണ്ടായിയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരൻ !

ശാരിക
ന്യൂഡൽഹി l ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐൽ) എംഡിയും സിഇഒയുമായി ആദ്യമായി ഒരു ഇന്ത്യക്കാരൻ. എച്ച്എംഐഎൽ തലപ്പത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന പദവിയിലേക്കെത്തുന്നത് തരുൺ ഗാർഗ് ആണ്. 2026 ജനുവരി ഒന്ന് മുതൽ കമ്പനിയുടെ നേതൃസ്ഥാനം അദ്ദേഹം ഏറ്റെടുക്കും.
ദക്ഷിണ കൊറിയൻ ഓട്ടോമോട്ടീവ് ഭീമനായ ഹ്യുണ്ടായിയുടെ മികച്ച വിപണികളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ ഇന്ത്യൻ വിപണിയിൽ പഴയ പ്രതാപത്തിലേക്ക് എത്താൻ ഹ്യുണ്ടായിക്ക് കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാഹനവിപണിയില വർധിച്ചുവരുന്ന മത്സരം ഹ്യുണ്ടായിക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. ഓഹരി വിപണികളിലും ഇത് പ്രതിഫലിക്കുന്നുണ്ട്.വിൽപ്പനയിലുണ്ടായ വമ്പൻ ഇടിവിന്റെ കാരണങ്ങൾ തേടി കമ്പനിയുടെ ഉന്നതസംഘം അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യൻ വിപണികൾക്ക് ഇന്ത്യൻ തന്ത്രങ്ങൾ അറിയാവുന്ന മികച്ച തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള മികച്ച നേതാവ് ആവശ്യമാണെന്ന തിരിച്ചറിവാണ് പുതിയ തീരുമാനത്തിന് പിന്നിലുള്ള കാരണം.
നിലവിൽ എച്ച്എംഐഎൽ മുഴുവൻ സമയ ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാണ് തരുൺ ഗാർഗ്. മുമ്പ് ഡൽഹി കോളജ് ഓഫ് എൻജിനീയറിങ് എന്നറിയപ്പെട്ടിരുന്ന ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ വ്യക്തിയാണ് ഗാർഗ്. ലഖ്നൗ ഐഐഎമ്മിൽ നിന്ന് എംബിഎ പൂർത്തിയാക്കി. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയായായിരുന്നു ഗാർഗിന്റെ തുടക്കം. തുടർന്ന് റീജിയണൽ സെയിൽസ് മാനേജർ, കൊമേഴ്‌സ്യൽ ബിസിനസ് മേധാവി, മാർക്കറ്റിങ്, ലോജിസ്റ്റിക്സ്, പാർട്സ്, ആക്സസറീസ് എക്സിക്യൂട്ടീവ് ഡയറക്ടർ റോളുകളിലേയ്ക്ക് ഉയർന്നു. 2019 ലാണ് അദ്ദേഹം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഭാഗമായത്. 2023 ലാണ് സെയിൽസ്, സർവീസ് & മാർക്കറ്റിങ് മേധാവിയിൽ നിന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സിഒഒ) പദവിയിലേക്ക് ഉയർന്നത്.
dfgd