ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയ കേസ്: പ്രതിക്കെതിരെ വധശ്രമക്കുറ്റം
ശാരിക
തിരുവനന്തപുരം: പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റെയില്‍വേ പൊലീസാണ് പ്രതി സുരേഷ് കുമാറിനെതിരെ കേസെടുത്തത്. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തും. ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പെണ്‍കുട്ടിയെ ദേഷ്യത്തില്‍ ചവിട്ടിയതാണെന്നാണ് പ്രതിയുടെ മൊഴി. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാന്‍ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി മാറിയില്ലെന്നും പ്രതി മൊഴി നല്‍കി. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെണ്‍കുട്ടികളെ മുന്‍പരിചയമില്ലെന്നും സുരേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു.
പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണ് പൊലീസ്. തിരിച്ചറിയല്‍ പരേഡും വൈദ്യപരിശോധനയും ഉടന്‍ നടക്കും. പ്രതിയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം പിടികൂടിയ ശേഷവും ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതായി പൊലീസ് അറിയിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം അതിക്രമത്തിന് ഇരയായ തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടി ഐസിയുവില്‍ തുടരുകയാണ്. ആന്തരികരക്തസ്രാവമുള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി കേരള എക്സ്പ്രസില്‍ യാത്ര ചെയ്യവെയാണ് പ്രതി പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടത്. വര്‍ക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാറി അയന്തി മേല്‍പ്പാലത്തിനടുത്തുവെച്ച് ഇന്നലെ രാത്രി 8.40ന് ജനറല്‍ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
രണ്ട് പെണ്‍കുട്ടികള്‍ ശുചിമുറിയില്‍ പോയിവരുമ്പോള്‍ വാതിലിനടുത്തുണ്ടായിരുന്ന പ്രതി ശ്രീക്കുട്ടിയെ ചവിട്ടിപുറത്തേക്ക് ഇടുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ചവിട്ടി തളളിയിട്ടതെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി അര്‍ച്ചന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തടയാന്‍ ശ്രമിച്ച തന്നെയും കൈയ്യും കാലും പിടിച്ച് പുറത്തിടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുനിന്നതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും അര്‍ച്ചന പറയുന്നു.
വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു. എതിരെ വന്ന മെമു ട്രെയിനില്‍ വര്‍ക്കല സ്റ്റേഷനില്‍ എത്തിക്കുകയും അവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ രാത്രി വൈകി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. യുവതികള്‍ ആലുവയില്‍ നിന്നും പ്രതി കോട്ടയത്ത് നിന്നുമാണ് കയറിയത്. ഇവര്‍ തമ്മില്‍ മുന്‍പരിചയമില്ല. കൊച്ചുവേളി സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
sdfsdf
