കളഞ്ഞുകിട്ടിയ സി.പി.ആർ. കാർഡ് ഉപയോഗിച്ച് തട്ടിപ്പ്: ബംഗ്ലാദേശിക്ക് മൂന്നുവർഷം തടവ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ കളഞ്ഞുകിട്ടിയ സി.പി.ആർ കാർഡ് ഉപയോഗിച്ച് ആൾമാറാട്ടവും സാമ്പത്തിക തട്ടിപ്പും നടത്തിയ 43-കാരനായ ബംഗ്ലാദേശ് സ്വദേശിക്ക് ഹൈ ക്രിമിനൽ കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സനാബിസിലെ ഒരു പ്രമുഖ റസ്റ്റോറന്റിലെ ഡെലിവറി ബോയിയുടെ സി.പി.ആർ. കാർഡാണ് പ്രതിക്ക് കളഞ്ഞുകിട്ടിയത്. കാർഡ് നഷ്ടപ്പെട്ടയാൾ ഫേസ്ബുക്കിലൂടെയും മറ്റും ഇക്കാര്യം പരസ്യപ്പെടുത്തിയിട്ടും, കളഞ്ഞുകിട്ടിയ പ്രതി അത് തിരിച്ചേൽപ്പിച്ചില്ല. ഈ സി.പി.ആർ. കാർഡ് ഉപയോഗിച്ച് പ്രതി കെട്ടിട നിർമ്മാണ ആവശ്യത്തിനുള്ള ചില സാമഗ്രികൾ വാടകയ്‌ക്കെടുക്കുകയും, തുടർന്ന് അത് തിരികെ നൽകാതെ സ്ഥാപനത്തെ കബളിപ്പിക്കുകയുമായിരുന്നു. അതിനിടെ, കാർഡ് നഷ്ടപ്പെട്ട വ്യക്തി പോലീസിൽ പരാതി നൽകുകയും പുതിയ കാർഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം തന്റെ പക്കൽനിന്ന് വാടകക്കെടുത്ത സാമഗ്രികൾ ഒരാൾ തിരിച്ചുതന്നില്ലെന്ന് കാണിച്ച്, സ്ഥാപന ഉടമ സി.പി.ആർ. കാർഡിന്റെ ചിത്രം സഹിതം സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട കാർഡ് നഷ്ടപ്പെട്ട യഥാർത്ഥ ഉടമ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തത്. തട്ടിപ്പും ആൾമാറാട്ടവും നടത്തിയ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞതോടെയാണ് കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചത്.

article-image

dfgdg

You might also like

  • Straight Forward

Most Viewed