ചലച്ചിത്ര അക്കാദമിയിലെ പുതിയ ഭാരവാഹികളുടെ നിയമനം; പ്രേംകുമാറിന്റെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ
ശാരിക
തൃശൂർ: ചലച്ചിത്ര അക്കാദമിയിലെ പുതിയ ഭാരവാഹികളുടെ നിയമനവുമായി ബന്ധപ്പെട്ട് മുൻ ചെയർമാൻ പ്രേംകുമാറിന്റെ പ്രതികരണത്തിന് മറുപടിയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്ത്. “കാലാവധി അവസാനിക്കുമ്പോൾ പുതിയ ഭാരവാഹികളെ നിയമിക്കുക സർക്കാർ ഉത്തരവാദിത്വമാണ്. അതനുസരിച്ചാണ് തീരുമാനം എടുത്തത്. ഉത്തരവ് പുറപ്പെടുവിച്ചതിനു പുറമെ പ്രത്യേകിച്ച് മറ്റൊന്നുമില്ല,” – മന്ത്രി വ്യക്തമാക്കി.
പ്രേംകുമാറിനോട് വിവരം അക്കാദമി ഭാരവാഹികൾ അറിയിച്ചിരിക്കുമെന്നായിരുന്നു കരുതിയത്. “ഞാൻ ആ സമയത്ത് വിദേശത്തായിരുന്നു. പ്രേംകുമാറിനോട് അറിയിക്കേണ്ടത് അക്കാദമി ഭാരവാഹികളുടെ ഉത്തരവാദിത്വമാണ്,” – മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സർക്കാരിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് മന്ത്രി കൂട്ടിച്ചേർത്തു: “ഇത് സാധാരണ പ്രക്രിയയാണ്. പ്രേംകുമാർ മൂന്ന് വർഷം വൈസ് ചെയർമാനായും ഒന്നര വർഷം ചെയർമാനായും മികച്ച സേവനം അനുഷ്ഠിച്ചു. അതൊരു ചെറുകാര്യവുമല്ല.”
ആശാവർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് പ്രേംകുമാർ അഭിപ്രായപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും അതിന്റെ പേരിൽ മാറ്റം വന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. “പ്രേംകുമാർ ഇടതുപക്ഷ നിലപാട് പുലർത്തുന്ന വ്യക്തിയാണ്. അദ്ദേഹം അക്കാദമിക്ക് നൽകിയ സേവനം സർക്കാർ വിലമതിക്കുന്നു. രണ്ട് ദിവസം മുൻപ് സംസാരിച്ചപ്പോഴും അദ്ദേഹത്തിന് യാതൊരു പരിഭവവും തോന്നിയില്ല,” – മന്ത്രി പറഞ്ഞു.
ചലച്ചിത്ര മേളയുടെ വിജയകരമായ നടത്തിപ്പ് കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്നും പുരസ്‌കാര പ്രഖ്യാപനം പ്രശ്‌നങ്ങളില്ലാതെ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ചലച്ചിത്ര അക്കാദമിയിലെ പുനഃസംഘടനയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നാണ് പ്രേംകുമാർ പറഞ്ഞത്. പുതിയ നിയമനങ്ങൾ സർക്കാർ–പാർട്ടി തീരുമാനമനുസരിച്ചാണെന്നും, അഭിപ്രായപ്രകടനങ്ങളുടെ പേരിൽ മാറ്റമല്ലെന്നും, സർക്കാർ തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
sdfsf
