ശ്രീലങ്കയിൽ‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ‍ വിദ്യാർ‍ത്ഥികളുടെ പ്രതിഷേധം


ശ്രീലങ്കയിൽ‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർ‍ന്ന് പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയുടെ വീടിന് മുന്നിൽ‍ പ്രതിഷേധ പ്രകടനവുമായി ആയിരക്കണക്കിന് യൂണിവേഴ്‌സിറ്റി വിദ്യാർ‍ത്ഥികൾ‍. രജപക്‌സെയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാർ‍ത്ഥികൾ‍ പ്രതിഷേധ മാർ‍ച്ച് സംഘടിപ്പിച്ചത്. ഞായറാഴ്ചയായിരുന്നു പ്രതിഷേധം.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർ‍ന്നാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യം ശക്തമായിരിക്കുന്നത്. മഹീന്ദ രജപക്‌സെയുടെ വീടിന് ചുറ്റും പൊലീസ് ബാരിക്കേഡുകൾ‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധക്കാർ‍ അത് മറികടന്ന് വസതിയുടെ കോമ്പൗണ്ടിലേക്ക് കടക്കാനും ശ്രമം നടത്തിയിരുന്നു.

തലസ്ഥാനമായ കൊളംബോയിൽ‍ വിവിധ റോഡുകൾ‍ തടഞ്ഞുകൊണ്ടും പൊലീസ് ബാരിക്കേഡുകൾ‍ സ്ഥാപിച്ചിരുന്നു. എന്നാൽ‍ പ്രതിഷേധക്കാർ‍ വന്ന സമയത്ത് പ്രധാനമന്ത്രി വസതിയിൽ‍ ഇല്ലായിരുന്നെന്നും അതുകൊണ്ട് അവർ‍ സമാധാനപരമായി പിരിഞ്ഞ് പോയെന്നും പൊലീസ് അറിയിച്ചു.

പ്രസിഡന്റ് ഗോതബയ രജപക്‌സെയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടുകൊണ്ട് ‘ഗോ ഹോം ഗോത’ എന്നെഴുതിയ പ്ലക്കാർ‍ഡുകളും പ്രതിഷേധക്കാർ‍ ഉയർ‍ത്തിപ്പിടിച്ചിരുന്നു. പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയുടെ ഇളയ സഹോദരൻ‍ കൂടിയാണ് ഗോതബയ രജപക്‌സെ.

രണ്ടാഴ്ചയിലധികമായി ഗോതബയ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് വസതിക്ക് മുന്നിൽ‍ പ്രതിഷേധക്കാർ‍ ക്യാംപ് ചെയ്യുകയാണ്. നേരത്തെ, സർ‍ക്കാർ‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ നടന്ന ശ്രീലങ്കൻ പൊലീസിന്റെ വെടിവെപ്പിൽ‍ ഒരാൾ‍ കൊല്ലപ്പെടുകയും നിരവധി പേർ‍ക്ക് പരിക്കേൽ‍ക്കുകയും ചെയ്തിരുന്നു.

You might also like

Most Viewed