ഇന്ത്യയുടെ വിദേശനയം സ്വതന്ത്രവും ജനക്ഷേമപരവുമാണെന്ന് പാക് പ്രധാനമന്ത്രി
ഇന്ത്യയുടെ വിദേശ നയത്തെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുടെ വിദേശനയം സ്വതന്ത്രവും ജനക്ഷേമപരവുമാണെന്ന് ഖൈബർ പക്തുംഖ്വയിലെ മാലാഖണ്ഡിൽ ഒരു റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ഇമ്രാൻ ഖാൻ പറഞ്ഞു.
‘’ഇന്ത്യ അമേരിക്കയുമായി സഖ്യത്തിലാണ്. കൂടാതെ യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ക്വാഡിൽ അംഗവുമാണ്. എങ്കിലും അവർ പക്ഷംപിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധത്തെ വകവയ്ക്കാതെ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നു. കാരണം ഇന്ത്യയുടെ നയങ്ങൾ ജനക്ഷേമം ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്’’−ഇമ്രാൻ പറഞ്ഞു. താനും ജനക്ഷേമം മുന്നിൽക്കണ്ടാണ് വിദേശനയം സ്വീകരിക്കുന്നതെന്നും ആർക്കുമുന്നിലും തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

