റഷ്യ− യുക്രെയ്ൻ നാലാംവട്ട സമാധാന ചർച്ച ഇന്ന് പുനരാരംഭിക്കും
താൽക്കാലികമായി നിർത്തിവച്ച റഷ്യ− യുക്രെയ്ൻ നാലാംവട്ട സമാധാന ചർച്ച ഇന്ന് പുനരാരംഭിക്കും. തുർക്കിയിലെ അങ്കാറയിലാണ് ചർച്ച നടക്കുന്നത്. സമാധാന ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്ന് ഫേസ്ബുക്കിൽ ഇട്ട വീഡിയോയിൽ യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. അതേസമയം, റഷ്യൻ സൈന്യം ആശയക്കുഴപ്പത്തിലാണെന്നും സെലെൻസ്കി പ്രതികരിച്ചു. യുക്രെയ്നിൽ നിന്ന് ഇത്തരമൊരു പ്രതിരോധം റഷ്യ പ്രതീക്ഷിച്ചിരുന്നില്ല. അവർ യുദ്ധക്കളത്തിൽ നിന്ന് ആയുധങ്ങൾ ഉപേക്ഷിച്ച് ഓടിപോകുകയാണെന്നും സെലെൻസ്കി പറഞ്ഞു.
ലുഹാൻസ്ക്, കീവ് മേഖലകളിൽ നിന്ന് 3,806 പേരെ പലായനം ചെയ്യാൻ സഹായിക്കാൻ യുക്രെയ്ൻ സേനയ്ക്ക് കഴിഞ്ഞു. റഷ്യ ഉപരോധിച്ച തുറമുഖ നഗരമായ മരിയുപോളിൽ എത്താൻ കഴിഞ്ഞില്ലെന്നും യുക്രെയ്ൻ പ്രസിഡന്‍റ് പറഞ്ഞു. യുദ്ധത്തെക്കുറിച്ചുള്ള സത്യം പ്രചരിപ്പിക്കാൻ ശ്രമിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത റഷ്യൻ പൗരന്മാർക്കും സെലെൻസ്‌കി നന്ദി പറഞ്ഞു.

